രാജ്യത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ സമൂലമാറ്റം വേണമെന്ന് ആര്‍എസ്‌എസ്
വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (08:27 IST)
ഭാരതീയ മൂല്യങ്ങൾക്കു പ്രാധാന്യം നൽകുന്ന തരത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം സമഗ്രമായി പരിഷ്കരിക്കണമെന്ന് ആർഎസ്എസ്–ബിജെപി ഏകോപന സമിതി യോഗത്തിൽ സംഘപരിവാർ സംഘടനകൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ഭരണ സംവിധാനത്തിൽ മാറ്റം വരുത്തി പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കാനും നിർദേശമുണ്ടായി.
സംസ്‌കൃതത്തിനും മറ്റു പ്രാദേശിക ഭാഷകള്‍ക്കും വിദ്യാഭ്യാസ പദ്ധതിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ആര്‍.എസ്.എസ്- ബിജെപി ഏകോപന സമിതിയില്‍ നിര്‍ദേശമുയര്‍ന്നു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനി പങ്കെടുത്ത ചര്‍ച്ചയിലാണു വിദ്യാഭ്യാസ മേഖലയിലെ സമഗ്രമാറ്റം എത്രയും വേഗത്തില്‍ നടപ്പില്‍ വരുത്താനുള്ള നിര്‍ദേശമുയര്‍ന്നത്. വിദ്യാഭ്യാസ വകുപ്പില്‍ കാവിവത്‌ക്കരണമാണ് നടക്കുന്നതെന്ന ആക്ഷേപം സജീവമായിരിക്കേയാണ് സമഗ്രമാറ്റത്തിന് ആര്‍.എസ്.എസിന്റെ നിര്‍ദേശമുണ്ടാകുന്നതും.
സംസ്‌കൃതത്തിനു പ്രചാരണം നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്ന് ഇടപെടലുണ്ടാകണം. ഇതോടൊപ്പം വേദങ്ങളും ഉപനിഷത്തുകളും പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. സംസ്‌കൃതത്തിനൊപ്പം മറ്റ് പ്രാദേശിക ഭാഷകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കി പരിപോഷിപ്പിക്കണമെന്നും ആര്‍.എസ്.എസ് നേതൃത്വം നിര്‍ദേശിച്ചു. ദേശീയ വിദ്യാഭ്യാസ നയം പരിഷ്കരിക്കാനായി സർക്കാരിന്റെ പരിഗണനയിലുള്ള മാതൃകകൾ കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി ഏകോപന സമിതി യോഗത്തിൽ അവതരിപ്പിച്ചു.
ഭാരതത്തിനു വിശ്വഗുരു സ്ഥാനം വീണ്ടെടുക്കണമെങ്കിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്നു സംഘപരിവാർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് പ്രതിബദ്ധതയുള്ള സാമൂഹിക സംഘടനകളെ ഏൽപ്പിക്കുന്ന തരത്തിൽ വിദ്യാഭ്യാസ ഭരണ സംവിധാനം നവീകരിക്കരണമെന്നാണു മാർഗനിർദേശം. വാണിജ്യ താൽപര്യങ്ങളേറെയുള്ള അമിതമായ സ്വാശ്രയ വിദ്യാഭ്യാസം ചൂഷണത്തിലേക്കു നയിക്കുന്നുവെന്നു സംഘപരിവാർ കുറ്റപ്പെടുത്തി.
വിദ്യാഭ്യാസ മേഖലയുടെ സാമ്പത്തികഭാരം പൂർണമായും താങ്ങാൻ സർക്കാരിനു കഴിയാത്തതിനാൽ വ്യവസായ സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് വിദ്യാഭ്യാസാവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതേസമയംതന്നെ ജാതിസെന്‍സസ് ഉയര്‍ത്തിപ്പിടിച്ച് മുസ്ലിം ജനസംഖ്യാ വര്‍ധവിലുള്ള ആശങ്ക ദേശീയതലത്തില്‍ ചര്‍ച്ചയാക്കാനും ഡല്‍ഹിയില്‍ തുടരുന്ന ആര്‍.എസ്.എസ്. സമന്വയ ബൈഠക്കില്‍ തീരുമാനം. തീവ്ര ഹിന്ദുത്വ നിലപാടില്‍ നിന്നു വ്യതിചലിക്കാതെ പ്രവര്‍ത്തനം ശക്‌തിപ്പെടുത്തണമെന്ന നിലപാടാണ് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ യോഗത്തില്‍ ഉന്നയിച്ചത്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പുറത്തുവിട്ട ജാതി സെന്‍സസ് ഉപയോഗപ്പെടുത്തണം.
ഭീകരരോടും മാവോയിസ്റ്റുകളോടും കേന്ദ്ര സർക്കാർ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണു സ്വീകരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. അതിർത്തി സുരക്ഷയുടെ കാര്യത്തിൽ കർശന നിലപാടാണു സ്വീകരിക്കുന്നതെന്നും പാക്കിസ്ഥാന്റെ പ്രകോപനങ്ങൾക്കു തക്ക തിരിച്ചടി നൽകുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു. പൊലീസ് സംവിധാനം നവീകരിക്കുന്നതിന് ഊർജിത നടപടികളിലാണു കേന്ദ്രസർക്കാർ. പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന സ്മാർട് പൊലീസ് പദ്ധതി യാഥാർഥ്യമാക്കുകയാണു ലക്ഷ്യം.
ബിജെപി–ആർഎസ്എസ് ഏകോപന സമിതി യോഗത്തിന്റെ സമാപന ദിവസമായ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവതിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുതിർന്ന ആർഎസ്എസ് നേതാക്കൾ, ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാർ, സംഘപരിവാർ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.