റിസോര്‍ട്ടിലെ പരിശോധന പൂര്‍ത്തിയായി; തടവിലല്ലെന്ന് എം എല്‍ എമാര്‍; പോയസ് ഗാര്‍ഡന് മുന്നിലെ സുരക്ഷ പിന്‍വലിക്കുന്നു

ശനി, 11 ഫെബ്രുവരി 2017 (12:58 IST)
രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടയില്‍ എം എല്‍ എമാരെ താമസിപ്പിച്ചെന്ന് ആരോപിക്കുന്ന റിസോര്‍ട്ടിലെ പരിശോധന പൂര്‍ത്തിയായി. തഹസില്‍ദാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അതേസമയം, തങ്ങളെ ആരും തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും സ്വന്തം ഇഷ്‌ടപ്രകാരമാണ് റിസോര്‍ട്ടില്‍ താമസിക്കുന്നതെന്നും എം എല്‍ എമാര്‍ പറഞ്ഞു.
 
സഭയില്‍ ഭൂരിപക്ഷം തെളിയുന്നതു വരെ റിസോര്‍ട്ടില്‍ തുടരുമെന്നും എം എല്‍ എമാര്‍ വ്യക്തമാക്കി. സ്വന്തം ഇഷ്‌ടപ്രകാരമാണ് റിസോര്‍ട്ടില്‍ താമസിക്കുന്നത്. കാഞ്ചിപുരം എ ഡി എസ് പി, എം എല്‍ എമാര്‍ തടവിലല്ല എന്ന് വ്യക്തമാക്കി. റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറും.
 
അതേസമയം, ഒ പനീര്‍സെല്‍വത്തിന് പിന്തുണ വര്‍ദ്ധിക്കുന്നു. എ ഐ എ ഡി എം കെ പുതുച്ചേരി ഘടകവും പനീര്‍സെല്‍വം പക്ഷത്തേക്ക് പോകുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. തീരുമാനം ഉടനെന്ന് പോണ്ടിച്ചേരി എം എല്‍ എ അന്‍പഴകന്‍ വ്യക്തമാക്കി.
 
ഇതിനിടെ, ജയലളിതയുടെ വസതി സ്ഥിതി ചെയ്യുന്ന പോയസ് ഗാര്‍ഡന് മുന്നിലെ സുരക്ഷ പിന്‍വലിച്ചു. 
നേരത്തെ, സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരം സുരക്ഷ ഭാഗികമായി പിന്‍വലിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക