സുരക്ഷ വാക്കിലൊതുങ്ങുമ്പോള്‍; ഡൽഹിയിൽ ആറു മാസത്തിനിടെ മാനഭംഗത്തിനിരയായ പെണ്‍കുട്ടികളുടെ എണ്ണമറിഞ്ഞാല്‍ ഞെട്ടും

ബുധന്‍, 3 ഓഗസ്റ്റ് 2016 (15:15 IST)
രാജ്യത്ത് സ്‌ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിന് പിന്നാലെ പുതിയ റിപ്പോര്‍ട്ടുകളുമായി ഡൽഹി വനിതാ കമ്മീഷന്‍. രാജ്യതലസ്‌ഥാനമായ ഡൽഹിയിൽ ആറു മാസത്തിനിടെ മാനഭംഗത്തിനിരയായത് 450ൽ അധികം പ്രായപൂർത്തിയാകാത്ത കുട്ടികളാണെന്നാണ് ഡൽഹി വനിതാ കമ്മീഷന്‍ വ്യക്തമാക്കുന്നത്.

ദിവസവും ശരാശരി മാനഭംഗ കേസുകള്‍ പൊലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനൊപ്പം തന്നെ നിരവധി കേസുകള്‍ ആരുമറിയാതെ ഇരകള്‍ തന്നെ മറച്ചുവയ്‌ക്കുന്നുണ്ടെന്നും ഡൽഹി വനിതാ കമ്മീഷന്‍ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യത്തിലെ കണക്ക് ഭയാനകമാണെന്നും മുതിർന്ന വനിതാ കമ്മീഷൻ ഉദ്യോഗസ്‌ഥ പറയുന്നുണ്ട്.

ആറു മാസത്തിനിടെ രാജ്യതലസ്‌ഥാനത്ത് 464 പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്തു. 136 കേസുകൾ റിപ്പോർട്ട് ചെയ്ത ഔട്ടർ ഡൽഹിയാണ് ഇക്കാര്യത്തിൽ മുന്നിൽനിൽക്കുന്നത്. കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യുകയോ പരാതികള്‍ ലഭിക്കാതെ വരുകയോ ചെയ്യുന്നതുകൊണ്ട് വ്യക്തമായ കണക്കുകള്‍ ലഭ്യമാകുന്നില്ലെന്നും കമ്മീഷന്‍ പറയുന്നു.

ഗാസിപൂരിൽ ഏഴു വയസുകാരി ബാലിക 22കാരന്റെ പീഡനത്തിനിരയായതാണ് ഏറ്റവും ഒടുവിൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ദളിത് സ്‌ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഡൽഹി വനിതാ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ കണക്കുകളും പുറത്തു വന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക