കോടികള്‍ വോട്ടര്‍മാരിലേക്ക് ഒഴുകിയതായി കണ്ടെത്തി; ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി

തിങ്കള്‍, 10 ഏപ്രില്‍ 2017 (08:54 IST)
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ചെന്നൈ ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ ബുധനാഴ്ച നടത്താന്‍ തിരുമാനിച്ചിരുന്ന ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. വോട്ടിന് വേണ്ടി വ്യാപകമായി പണം നല്‍കിയെന്ന ആക്ഷേപം ശരിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിറക്കിയത്.
 
ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് കോടികള്‍ വോട്ടര്‍മാരിലേക്ക് ഒഴുകിയതായി കണ്ടെത്തിയത്. തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കറിന്റെ വസതിയിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ഓരോ വോട്ടര്‍ക്ക് 4000 രൂപ വീതം നല്‍കുന്നതിന് 89 കോടി രൂപ വിതരണം ചെയ്തതതിന്റെ വിശദാംശങ്ങളും രേഖകളും വിജയഭാസ്‌കറിന്റെ വസതിയില്‍ നിന്ന് ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്.
 
തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചത് ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടും വരണാധികാരിയുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ്. അണ്ണാഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികലയുടെ ബന്ധുവുമായ ടി ടി വി ദിനകരനാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരിക്കുന്നത്. വിമതവിഭാഗത്തെ പ്രധാനിയായ ഇ മധുസൂദനനെയാണ് പനീര്‍ശെല്‍വം വിഭാഗം സ്ഥാനാര്‍ഥിയാക്കിയത്. അതുപോലെ ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറും മത്സരരംഗത്തുണ്ട്. എന്നാല്‍  എം മരുതുഗണേഷാണ് ഡിഎംകെ സ്ഥാനാര്‍ഥിയായി നില്‍ക്കുന്നത്.
 
അതേസമയം അണ്ണാഡിഎംകെയും ഡിഎംകെയും വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആക്ഷേപത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തഞ്ചാവൂരിലേയും അരവക്കുറിച്ചിയിലേയും തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.  പുതിയ തെരഞ്ഞെടുപ്പ് തീയ്യതി കമ്മീഷന്‍ പിന്നീട് തീരുമാനിക്കും.
 

വെബ്ദുനിയ വായിക്കുക