‘സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്‍‌ഗണന’

വ്യാഴം, 29 മെയ് 2014 (09:40 IST)
സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും രാജ്യത്തിന്റെ ഫെഡറല്‍ ഘടന ശക്തിപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി.
 
തന്റെ ഓഫീസിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനങ്ങളില്‍നിന്നുള്ള ആവശ്യങ്ങളും അവരുന്നയിക്കുന്ന പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. സംസ്ഥാനങ്ങളുടെ വളര്‍ച്ചയാണ് രാജ്യത്തിന്റെ പുരോഗതി. അത് രാജ്യത്തെ ഫെഡറല്‍സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും മോഡി അഭിപ്രായപ്പെട്ടു. ജനപ്രതിനിധികള്‍ പാര്‍ലമെന്റിലും അല്ലാതെയും ഉന്നയിക്കുന്ന വിഷയങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കണം. മനസിലുള്ള ആശയങ്ങള്‍ സങ്കോചമില്ലാതെ തന്നോട് പങ്കുവെക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്ന വിഷയങ്ങള്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തുടര്‍ച്ചയായ മേല്‍നോട്ടത്തില്‍ പരിഹരിക്കണം. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനത്തിലൂടെ രാജ്യത്തെ പ്രധാന ഓഫീസുകളിലൊന്നായി പ്രധാനമന്ത്രിയുടെ ഓഫീസ് മാറിയിട്ടുണ്ട്. ഇതിന്റെ നല്ല വശങ്ങള്‍ തുടര്‍ന്നും മുന്നോട്ട് കൊണ്ടു പോകണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അതിവേഗത്തില്‍ പരിഹരിക്കാന്‍ നടപടി വേണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. 
 
 

വെബ്ദുനിയ വായിക്കുക