പിഡിപിയുടെ ചതിക്ക് ബിജെപി വലിയ വിലനല്‍കേണ്ടിവരും: ശിവസേന

ശനി, 7 മാര്‍ച്ച് 2015 (18:31 IST)
ജമ്മു കാശ്മീരില്‍ ബി ജെ പിയുടെ സഖ്യക്ഷിയായ പി ഡി പിക്കെതിരെ എന്‍ ഡി എയിലെ പ്രബലരായ ശിവസേന രംഗത്ത്. അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സംസ്ഥാനത്തിന് തിരികെ കിട്ടണമെന്ന പി ഡി പി എം എല്‍ എമാരുടെ ആവശ്യത്തിനെതിരെയാണ് ശിവസേന തങ്ങളുടെ മുഖപത്രമായ സാമ്‌നയിലൂടെ രംഗത്ത് വന്നിരിക്കുന്നത്. പി ഡി പിയുടെ ഈ ആവശ്യം വന്‍ ചതിയാണ് എന്നാണ് സാമ്‌ന എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നത്. പി ഡി പിയുമായി സഖ്യമുണ്ടാക്കിയ ബി ജെ പി ഇതിന് വന്‍ വില നല്‍കേണ്ടിവരും എന്നും സേന മുന്നറിയിപ്പ് നല്‍കുന്നു. 
 
കൂടാതെ 1989ല്‍ സയീദ് ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ മകളായ റുബയ്യ സയീദിനെ ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയ സംഭവം ബന്ധി നാടകമായിരുന്നു എന്നാണ് സേന ആരോപിക്കുന്നത്. അന്ന് അഞ്ചു ഭീകരവാദികളെ വിട്ടയത്തിന് ശേഷമാണ് റുബയ്യയെ മോചിപ്പിച്ചത്. ഇത് തീവ്രവാദികളെ മോചിപ്പിക്കാന്‍ സയീദ് നടത്തിയ നാടകമായിരുന്നു എന്നാണ് സേന ഇപ്പോള്‍ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിതിന് ഹുറീയത്തിനെ അഭിനന്ദിച്ചതിലൂടെ താനൊരു ദേശീയ വാദിയല്ലെന്ന് സയീദ് തെളിയിച്ചതായും മുഖപ്രസംഗം ആരോപിക്കുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടയ്ക്ക് സ്വതന്ത്ര കശ്മീരിനായി ശബ്ദമുയര്‍ത്താന്‍ കിട്ടിയ ഒരു അവസരവും സയീദ് പാഴാക്കിയിട്ടില്ലെന്നും മുഖപ്രസംഗം ആരോപിച്ചു.
 
മുഫ്തി മുഹമ്മദ് സയീദിന്റെ പ്രസ്താവനയെ പാര്‍ലമെന്റില്‍ അപലപിക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകണമെന്നും ശിവസേന ആവശ്യപ്പെട്ടു. സയീദിന്റെ ചരിത്രമറിയുന്നവര്‍ ചായ കുടിച്ച് ചര്‍ച്ച നടത്താനും ഹസ്തദാനം നടത്താനും അദേഹത്തെ ക്ഷണിക്കില്ലെന്നും നരേന്ദ്ര മോഡിയുടെ പേരു പരാമര്‍ശിക്കാതെ മുഖപ്രസംഗം ആരോപണങ്ങള്‍ ഉന്നയിച്ചു. മുഫ്തി മുഹമ്മദ് സയീദ് സര്‍ക്കാരില്‍ ചേര്‍ന്നതിലൂടെ സ്വന്തം കൈ പൊള്ളിക്കുക മാത്രമല്ല, രാജ്യത്തെ തന്നെ അപകടത്തിലാക്കിയിരിക്കുകയാണ് ബിജെപിയെന്ന് സാമ്നയില്‍ പറയുന്നു.
 
മഹാരാഷ്ട്രയിലെ അസംബ്ലി തിരഞ്ഞെടുപ്പോടെയാണ് ശിവസേനയും ബി ജെ പിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായത്. സീറ്റ് വിഭജനതര്‍ക്കത്തെ തുടര്‍ന്ന് ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിച്ചെങ്കിലും സേന ബി ജെ പിക്ക് മുമ്പില്‍ കീഴടങ്ങേണ്ടി വന്നു. ഇതോടെ കേന്ദ്രത്തിലും സംസ്ഥാനത്തിലും ബി ജെ പിക്കെതിരെ വിമര്‍ശങ്ങള്‍ ഉയര്‍ത്തുന്നത് പതിവാക്കിയിരിക്കുകയാണ് ശിവസേന.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക