‘പാര്‍ട്ടി എന്റെ അമ്മയാണ്’ കണ്ണുകളെ ഈറനണിയിച്ച് മോഡി!

ചൊവ്വ, 20 മെയ് 2014 (13:28 IST)
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായി തെരഞ്ഞെടുത്തു. രാവിലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് ചടങ്ങ് നടന്നത്. 
 
'ഇത് ചരിത്രനിമിഷം' ലോക്സഭയുടെ സെന്‍‌ട്രല്‍ ഹാളില്‍ നടന്ന പ്രസംഗത്തില്‍ നരേന്ദ്രമോഡി പറഞ്ഞു. ബിജെപിയുടെ സമുന്നതനായ നേതാവ് വാജ്‌പേയി ഓര്‍മ്മിച്ചുകൊണ്ടാണ് മോഡി തന്റെ പ്രസംഗം ആരംഭിച്ചത്. രാജ്യത്ത് നിരവധി സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിട്ടുണ്ട്. എല്ലാവരും രാജ്യത്തിന്റെ ഉന്നമനത്തിനായി ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരും രാജ്യത്തിന്റെ ഉന്നമനത്തിനായി ശ്രമിച്ചെന്ന് മോഡി പറഞ്ഞു.
 
മോഡിയുടെ കൃപ കൊണ്ടാണ് തനിക്ക് സദസ്സില്‍ ഇരിക്കാനായതെന്ന് അദ്വാനി പറഞ്ഞത് മോഡിയുടെ പ്രസംഗത്തെ വികാരാധീനനാക്കി. അദ്ദേഹത്തെ പോലെ മഹാനായ വ്യക്തി ഒരിക്കലും അത്തരത്തില്‍ പറയരുതായിരുന്നുവെന്ന് മോഡി പറഞ്ഞു. കണ്ണുകള്‍ നിറഞ്ഞ അദ്ദേഹത്തിന്റെ പ്രസംഗം രണ്ട് നിമിഷത്തേക്ക് നിന്നു. ഇത് സദസ്സില്‍ ഉള്ള പലരുടെയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്തു.
 
ഇത്തവണ ബിജെപി സര്‍ക്കാര്‍ നേട്ടത്തിനായി ശ്രമിക്കും. രാജ്യത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് സന്തോഷകരമായ ജീവിതം നയിക്കാന്‍ ബിജെപി ശ്രമിച്ചിട്ടുണ്ട്. എനിക്ക് ജീവിതത്തില്‍ നിരാശകളില്‍ വലിയ വിശ്വാസമില്ല. ശുഭാപ്തിവിശ്വാസമുള്ളവന്‍ രാജ്യത്ത് മുന്നേറ്റം ഉണ്ടാക്കാന്‍ ശ്രമിക്കും. നിരാശയുള്ളവന്‍ രാജ്യത്തിന് ശാപമാണെന്ന് മോഡി പറഞ്ഞു. 
 
പഴയ പരാജയങ്ങള്‍ മനസില്‍ വച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കില്ല. ഈശ്വരന്‍ ഭാരതത്തെ ഒരുപാട് അനുഗ്രഹിച്ചിരിക്കുന്നു. സംസ്കാരം കൊണ്ടും പ്രകൃതി കൊണ്ടും ഭാരതം ഏറെ സമ്പന്നമാണ്. ഞങ്ങള്‍ എല്ലാവരുടെയും ഉയര്‍ച്ച ആഗ്രഹിക്കുന്നു. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ പുതിയ ഉന്നമനത്തിലേക്കുള്ള ചവിട്ട് പടിയാണെന്നും മോഡി പ്രസംഗത്തില്‍ പറഞ്ഞു. 
 
അടുത്ത തെരഞ്ഞെടുപ്പിലും ബിജെപി ഇതെ ജനസമ്മതി നേടുമെന്നതിന് സംശയമില്ല. രാജ്യത്തെ ജനങ്ങള്‍ തികഞ്ഞ മനസോടെയാണ് ബിജെപിയെ തെരഞ്ഞെടുത്തിരിക്കുന്നത്. ബിജെപിക്ക് ഈ വിജയം കൈവരാന്‍ ഒരുപാട് ജനങ്ങള്‍ കഷ്ടപ്പെട്ടു. അവരോട് എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു- അദ്ദേഹം പറഞ്ഞു.
 
എന്റെ പാര്‍ട്ടിയാണ് എനിക്ക് അവസരം തന്നത്. പാര്‍ട്ടി എന്റെ അമ്മയാണ്, അമ്മയെ ഒരിക്കലും വേദനിപ്പിക്കാന്‍ പാടില്ല. ഇന്ന് ജയിച്ച ഈ വിജയം എപ്പോഴും ഉണ്ടാവും. സംഘടനയാണ് ഞങ്ങളുടെ ശക്തി. അതില്‍ വലിയവനോ ചെറിയവനോ ഇല്ല. എല്ലാവരും തുല്യമാണ്. എന്റെ കര്‍മ്മം ഭംഗിയായി നിറവേറ്റാന്‍ ശ്രമിക്കും- മോഡി അവസാനമായി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. 
 
ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബിജെപിയുടെ 282 എംപിമാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. നിതിന്‍ ഗഡ്കരി, അരുണ്‍ ജയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ അനുമോദിച്ചു സംസാരിച്ചു. ബിജെപി മുഖ്യമന്ത്രിമാരായ രമണ്‍ സിങ്ങ്, വസുന്ധരാ രാജ സിന്ധ്യ, ശിവരാജ് സിങ്ങ് ചൗഹാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
 
നരേന്ദ്ര മോഡി വൈകിട്ട് രാഷട്രപതി പ്രണബ് മുഖര്‍ജിയെ കാണും. മന്ത്രിസഭ രൂപവത്കരിക്കാനുള്ള അവകാശം ഉന്നയിക്കാനാണ് കൂടിക്കാഴ്ച. മെയ് 25-നോ 27-നോ മോഡി ഇന്ത്യയുടെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

വെബ്ദുനിയ വായിക്കുക