പത്താന്‍കോട്ട് ആക്രമണം: പാകിസ്ഥാന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകള്‍ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി

തിങ്കള്‍, 29 ഓഗസ്റ്റ് 2016 (10:42 IST)
പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി. ഈ സാഹചര്യത്തില്‍ ജെയ്ഷ് ഇ മൊഹമ്മദ് നേതാവ് മസൂദ് അസറിനെതിരേ കുറ്റപത്രം ഫയല്‍ ചെയ്യാന്‍ എന്‍ഐഎ ആലോചിക്കുന്നു. എന്നാല്‍ എല്ലാ സാഹചര്യങ്ങളും മനസിലാക്കിയ ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്ന് എന്‍ഐഎ അറിയിച്ചു.
 
ആക്രമണവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരുന്ന ഒരു ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ ഐപി അഡ്രസിനെ  സംബന്ധിച്ച വിവരമായിരുന്നു അമേരിക്ക ഇന്ത്യന്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റഹ്മത്ത് ട്രസ്റ്റാണ് ഈ അക്കൗണ്ട് ഉപയോഗിച്ചിരുന്നത്. ഈ ട്രസ്റ്റ് തന്നെയായിരുന്നു പത്താന്‍കോട്ട് അക്രമണത്തിനു പിന്നിലെ ബുദ്ധി കേന്ദ്രം.
 
പത്താന്‍കോട്ട് ആക്രമണ സമയത്ത് അല്‍ റഹ്മത്ത് ട്രസ്റ്റിന്റെ വെബ്‌പേജുകള്‍ അല്‍ക്വാലംഓണ്‍ലൈന്‍ ഡോട്ട് കോം, റങ്കണൂര്‍ ഡോട്ട് കോം എന്നീ സൈറ്റുകളിലേക്ക് അപ്‌ലോഡ് ചെയ്തിരുന്നു. കൂടാതെ രണ്ട് വെബ്‌സൈറ്റുകള്‍ക്കും ഒരേ ഇ മെയില്‍ ആണ് ഉണ്ടായിരുന്നത്. തരീഖ് സിദ്ദിഖ്വി എന്നൊരാളാണ് ഈ അക്കൌണ്ട് നിയന്ത്രിച്ചിരുന്നതെന്നും കണ്ടെത്തി. ഇതെല്ലാം പാകിസ്ഥാനില്‍ നിന്ന് നിര്‍മ്മിച്ചതാണെന്നും അമേരിക്ക ഉറപ്പാക്കുന്നു.

വെബ്ദുനിയ വായിക്കുക