ഒരു റാങ്ക് ഒരു പെൻഷൻ: സ്വയം വിരമിച്ച സൈനികർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും- മോഡി

ഞായര്‍, 6 സെപ്‌റ്റംബര്‍ 2015 (12:50 IST)
സ്വയം വിരമിച്ച സൈനികർക്കും ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തെറ്റായ പ്രചരണം നടത്തുന്നവർ സൈനികരുടെ കണ്ണിൽ പൊടിയിടുകയാണെന്നും പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഏകാംഗ കമ്മീഷനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ തൃപ്തിയുണ്ടെന്ന് വിമുക്ത ഭടന്മാർ പ്രതികരിച്ചു.

ഡൽഹി-ഫരീദാബാദ് മെട്രോ ലൈനിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം ഒരു പൊതു ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയില്‍ സമരം തുടരുന്ന കാര്യം വിമുക്ത ഭടന്‍മാര്‍ പുന:പരിശോധിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കണമെന്ന ആവശ്യം നിലനില്‍ക്കെ സമരം തുടരാനാണ് സാധ്യത. തുടര്‍നടപടികള്‍ ആലോചിക്കാന്‍‍ വിമുക്തഭടന്‍മാരുടെ ചര്‍ച്ച ഇന്ന് നടക്കും.

സ്വയം വിരമിക്കുന്ന സൈനികരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, പെന്‍ഷന്‍ വര്‍ഷം തോറും പുതുക്കുക, പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന വിദഗ്ധ സമിതിയില്‍ വിമുക്തഭടന്‍മാരെയും ഉള്‍പ്പെടുത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമായി നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായെന്ന് വിമുക്ത ഭടന്‍മാരുടെ സമരസമിതി അറിയിച്ചു. സ്വയം വിരമിച്ചവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് സമരസമിതി തലവന്‍ ജനറല്‍ സദ്‌വീര്‍ സിംഗ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന വിമുക്ത ഭടന്‍മാരുടെ സമരസമിതിയുടെ ഉന്നതതലയോഗം സമരം തുടരുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.

വെബ്ദുനിയ വായിക്കുക