ഗംഗയില്‍ മുങ്ങിയാല്‍ കാന്‍സര്‍ ഒപ്പമെത്തിയേക്കാം!

ബുധന്‍, 25 ജൂണ്‍ 2014 (17:47 IST)
പുണ്യനദിയായ ഗംഗയില്‍ മുങ്ങി കുളിച്ചാല്‍ കാന്‍സര്‍ ഉണ്ടാവാന്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. എന്‍സിസിഎമ്മിന്റെ (നാഷണല്‍ സെന്റര്‍ ഫോര്‍ കോംപോസിഷനല്‍ കാരക്ടറൈസേഷന്‍ ഓഫ് മെറ്റീരിയല്‍സ്) പരിശോധന ഫലങ്ങളില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന കാര്യം പുറത്തുവന്നത്.

ഗംഗ നദിയിലെ വെള്ളത്തില്‍ ക്രോമിയത്തിന്റെ അംശമുണ്ട്. സാധാരണ കാണപ്പെടുന്നതിനെക്കാള്‍ അമ്പത് ശതമാനം കൂടുതലാണ് ഇത്. ക്രോമിയത്തിന്റെ ഇത്രയും കൂടുതല്‍ സാന്നിധ്യം അര്‍ബുദം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് എന്‍സി സിഎം തലവന്‍ ഡോ സുനില്‍ ജയ് കുമാര്‍ വ്യക്തമാക്കി. അനുവദനീയമായതിലും100 മടങ്ങാണ് ജലത്തില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം. 22 ഘടകങ്ങളാണ് പഠനങ്ങള്‍ നടത്തിയത്.

പുണ്യനദിയായ ഗംഗയില്‍ കടുത്ത മലിനീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഭക്തര്‍ വലിച്ചെറിയുന്ന വസ്തുക്കളും സമീപത്തെ ഫാക്ടറികളില്‍ നിന്ന് നദിയിലേക്ക് ഒഴുക്കുന്ന മാലിന്യവും കെമിക്കല്‍ വേസ്റ്റുകളും കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനം പറയുന്നത്.

എക്‌സ് റേ ഫിലിം, സിഡി, ബാറ്ററികള്‍ തുടങ്ങിയ ആശുപത്രി മാലിന്യങ്ങളും ഗംഗാ നദിയില്‍ വന്‍ തോതില്‍ അടിയുന്നുണ്ട്. ഈ വെള്ളമാണ് പൂജയ്ക്ക് വേണ്ടിയും ഭക്തര്‍ വീടുകളിലേക്കും കൊണ്ടു പോകുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ ഗംഗയെ മലിനമുക്തമാക്കാന്‍ പ്രത്യേകം മന്ത്രിയെ നിയോഗിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക