രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറില്‍ നാല് ബലാത്സംഗക്കേസുകള്‍
വെള്ളി, 13 ജൂണ്‍ 2014 (10:22 IST)
ഡല്‍ഹിയിലുള്‍പ്പെടെ രാജ്യത്ത് ഇരുപത്തിനാലു മണിക്കുറിനിടെ നാല് ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത് ഉള്‍പ്പെടെയാണ് കേസുകള്‍ ഉയര്‍ന്നത്. ഇരുപത്തിയഞ്ചുകാരിയായ യുവതി തന്നെ ഓടുന്ന കാറില്‍ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ പൊലീസ് മൂന്നുപേരെ അറസ്റ്റുചെയ്തു. ബുധനാഴ്ച രാത്രിയാണ് യുവതി പരാതിനല്‍കിയത്.
അഹമ്മദാബാദില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗംചെയ്തു കൊന്ന സംഭവത്തില്‍ പതിനേഴുകാരന്‍ പിടിയിലായി. നഗരത്തിലെ സോള പാലത്തിനടുത്ത് താമസിക്കുന്ന കുട്ടിയുടെ അച്ഛന്‍ ബുധനാഴ്ച രാവിലെ പത്തുമുതല്‍ മകളെ കാണാനില്ലെന്നുകാട്ടി പൊലീസില്‍ പരാതിനല്‍കിയതോടെയാണ് സംഭവം വെളിവായത്.
അന്വേഷണത്തില്‍ കുട്ടിയെ അവസാനം കണ്ടത് പ്രതിക്കൊപ്പമാണെന്നറിഞ്ഞു. സ്വകാര്യബസിലെ ക്ലീനറാണ് പ്രതി. ചോദ്യം ചെയ്തപ്പോള്‍ മൃതദേഹം ബസ്സിലെ ലഗേജ് സൂക്ഷിക്കുന്ന ഭാഗത്ത് വെച്ചിട്ടുണ്ടെന്ന് ഇയാള്‍ അറിയിച്ചു. എന്നാല്‍, കുട്ടിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് ഇയാള്‍ക്കെതിരെ കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പിക്കാനാവൂ എന്ന് സോലാ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്എം. പട്ടേല്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ സ്വകാര്യ ഹോസ്റ്റലില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു. ബുധനാഴ്ച രാത്രി തട്ടിക്കൊണ്ടുപോയി പത്തും പതിനൊന്നും പ്രായമുള്ള കുട്ടികളെയാണ് ബലാത്സം ചെയ്തത്. അര്‍ധരാത്രിക്കുശേഷമെത്തിയ രണ്ടുപേര്‍ കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോവുകയും തൊട്ടടുത്ത കെട്ടിട സമുച്ചയത്തില്‍ കൊണ്ടുപോയി രണ്ടുകുട്ടികളെയും ബലാത്സംഗം ചെയ്യുകയായിരുന്നു. കടുത്ത രക്തസ്രാവവും പരിക്കുമുള്ള കുട്ടികളെ രണ്ടുപേരെയും പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഉത്തര്‍പ്രദേശിലെ മൊറാദാബില്‍ പത്തൊമ്പതുകാരി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. ഇത് ആത്മഹത്യയാണെന്നാണ് പ്രഥമദൃഷ്ട്യാ കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.