പ്രധാനമന്ത്രിയുടെ നാല് സ്ഥിരംസമിതികള്‍ പിരിച്ചുവിട്ടു
ബുധന്‍, 11 ജൂണ്‍ 2014 (08:25 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്ത്രിസഭയുടെ നാല് സ്ഥിരംസമിതികള്‍ (കാബിനറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി) പിരിച്ചുവിട്ടു. കേന്ദ്രീകൃത ഭരണ ശൈലിയിലേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. ആധാര്‍, ദുരന്തനിവാരണം, വിലക്കയറ്റ നിയന്ത്രണം, ലോകവ്യാപാര സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നീ വിഷയങ്ങളിലെ മന്ത്രിസഭാ സ്ഥിരംസമിതികളാണ് പ്രധാനമന്ത്രി ഉപേഷിച്ചത്. ഈ വിഷയങ്ങളില്‍ വകുപ്പ് മന്ത്രിമാരടങ്ങുന്ന സ്ഥിരംസമിതിയാണ് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നത്.
ആധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങള്‍ ഇതിനകം എടുത്തു കഴിഞ്ഞതിനാലാണ് ആധാര്‍ മന്ത്രിസഭാ സ്ഥിരംസമിതി പിരിച്ചുവിടുന്നതെന്ന് പ്രധാനമന്ത്രി കാര്യാലയം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ദുരന്തനിവാരണം, വിലക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട സമിതികള്‍ നിര്‍വഹിച്ചിരുന്ന ജോലിയും അധികാരവും കാബിനറ്റ് സെക്രട്ടറിക്കാണ് കൈമാറിയത്. ലോകവ്യാപാര സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സ്ഥിരംസമിതിയുടെ അധികാരം സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതിക്ക് കൈമാറി.