കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം

ഞായര്‍, 29 ജൂണ്‍ 2014 (11:51 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ വെളിച്ചത്തില്‍ കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ 2015 ജൂലായ് വരെ അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.

തെരഞ്ഞെടുപ്പ് തീയതികളറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി പിസിസി അദ്ധ്യക്ഷന്മാര്‍ക്ക് കത്തയച്ചിട്ടുണ്ട്. ഡിസംബര്‍ 31നകം അംഗത്വ വിതരണം പൂര്‍ത്തിയാക്കാന്‍ ദേശീയ നേതൃത്വം സംസ്ഥാന ഘടകങ്ങളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. 1998ന് ശേഷമാണ് കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നത്.


ജനുവരിയില്‍ യോഗ്യരായ അംഗങ്ങളുടെ പട്ടിക എഐസിസി പ്രസിദ്ധീകരിക്കും. തുടര്‍ന്ന് സൂക്ഷ്‌മ പരിശോധന നടക്കും. അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 25ന് പ്രസിദ്ധീകരിക്കും. ബൂത്ത് തലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ആണ് ആദ്യം നടക്കുന്നത്.

പിന്നാലെ ബ്ലോക്ക്,​ ഡിസിസി തെരഞ്ഞെടുപ്പ്. അതിന് ശേഷം സംസ്ഥാന പിസിസി അദ്ധ്യക്ഷന്മാരെയും ഭാരവാഹികളുടേയും എഐസിസി അംഗങ്ങളെയും തെരഞ്ഞെടുക്കും. അഞ്ചാം ഘട്ടത്തില്‍ പ്ലീനറി സമ്മേളനം വിളിച്ചു ചേര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുക്കും.

വെബ്ദുനിയ വായിക്കുക