നേതാജി രേഖകള്‍, പ്രധാനമന്ത്രി നേതാജിയുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തും

ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (12:43 IST)
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടുമെന്ന പശ്ചിമ ബംഗാൾ‌ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേതാജിഒയുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കാര്യങ്ങൾ ചർച്ചചെയ്യാൻ ഒക്ടോബർ 14ന് നേതാജിയുടെ കുടുംബവും പ്രധാനമന്ത്രിയും നേരിട്ട് കാണാനും തീരുമാനിച്ചതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഏഴുതവണയാണ് നേതാജിയുടെ കുടുംബത്തിലേക്ക് ഫോണ്‍ വിളികള്‍ ഉണ്ടായത്. ബംഗാ‍ള്‍ സര്‍ക്കാര്‍ തങ്ങളുടെ പക്കലുള്ള രേഖകള്‍ പുറത്തിറക്കുന്നതു വരെയുള്ള എട്ടു ദിവസത്തിനിടെയാണ് ഇത്രയും തവണ വിളിച്ചത്.  വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്നും പങ്കെടുക്കുന്നവരുടെ പട്ടിക നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിളി.

ചര്‍ച്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും പങ്കെടുക്കുമെന്ന് നേതാജിയുടെ അടുത്ത ബന്ധുവായ ചന്ദ്രബോസ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തി. ചര്‍ച്ചയെ സര്‍ക്കാര്‍ ഗൗരവപൂര്‍വം സമീപിക്കുന്നു എന്നതിന്റെ തെളിവാണ് ഇവരുടെ സാന്നിധ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രേഖകള്‍ ബംഗാള്‍ സര്‍ക്കാര്‍ കുടുംബത്തിനു കൈമാറിയതിനു പിന്നാലെ ഇന്നലെയും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും നേതാജിയുടെ കുടുംബത്തെ വിളിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. രേഖകളിലെ വിവരങ്ങള്‍ പ്രധാനമന്ത്രിയുമായി പങ്കുവെക്കണം എന്നാവശ്യപ്പെട്ടായിരുന്നു അതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക