മോഡി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

തിങ്കള്‍, 25 മെയ് 2015 (08:30 IST)
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടിയ്ക്ക് ജന്‍ കല്യാണ്‍ പര്‍വ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബിജെപിയുടെ താത്ത്വികാചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനാഘോഷവും കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളും ഉത്തര്‍പ്രദേശിലെ മഥുരയിലാണു നടക്കുന്നത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മസ്ഥലമായതിനാലാണു മഥുരയില്‍ ചടങ്ങു നടത്തുന്നത്. മോഡി ചടങ്ങ് ഉദ്ഘാടനം ചെയ്യും.
 
രാജ്യത്താകമാനം 250 വന്റാലികളും 5000 പൊതുയോഗങ്ങളുമാണ് വാര്‍ഷികത്തോടനുബന്ധിച്ച്  ബി.ജെ.പി സംഘടിപ്പിക്കുന്നത്. നഗ്ള ചന്ദ്രാഭാന്‍ ഗ്രാമത്തില്‍ ബിജെപി വലിയ ഒരു റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ കര്‍ഷകര്‍ക്കുള്ള സമ്മാനമായി കിസാന്‍ ചാനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതേസമയം, ഒന്നാം വാര്‍ഷിക ആഘോഷ ചടങ്ങിലേക്കു മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനിക്കു ക്ഷണമില്ല. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അഡ്വാനിയെ അവഗണിച്ചിരിക്കുകയാണ്. 
 

വെബ്ദുനിയ വായിക്കുക