മകനെ കൊന്ന യുവാവിനെ കൊല്ലാൻ കള്ളത്തോക്ക് വാങ്ങി; വീട്ടമ്മ ഉൾപ്പെടെ മൂന്നുപേർ അറസ്‌റ്റിൽ

വെള്ളി, 13 ജൂലൈ 2018 (15:15 IST)
മകനെ കൊന്ന യുവാവിനെ കൊല്ലാനായി കള്ളത്തോക്ക് വാങ്ങിയ വീട്ടമ്മയും രണ്ടുപേരും അറസ്‌റ്റിലായി. നെശപ്പാക്കത്തെ മഞ്‌ജുള (38), തോക്ക് വാങ്ങാൻ സഹായിച്ച പ്രശാന്ത്, സുധാകരൻ എന്നിവരാണ് അറസ്‌റ്റിലായത്. 
 
മഞ്ജുള-കാർത്തികേയൻ ദമ്പതിമാരുടെ മകൻ നിധേഷി(5)നെ കൊന്ന കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നാഗരാജിനെ ജാമ്യത്തിൽ പുറത്തുവരുമ്പോൾ കൊല്ലാനായിരുന്നു തോക്ക് വാങ്ങാൻ ശ്രമിച്ചത്. നിധേഷിനെ നാഗരാജ് കടത്തിക്കൊണ്ടു പോകുകയും തുടർന്ന് മദ്യം നൽകി തലയറുത്ത് കൊല്ലുകയുമായിരുന്നു.
 
നാഗരാജ് മഞ്ജുളയുമായി അവിഹിതബന്ധം പുലർത്തിയിരുന്നെന്നും ഇക്കാര്യം നിധേഷ് പിതാവ് കാർത്തികേയനോട് പറയുകയും ചെയ്തിരുന്നെന്ന് പോലീസ് പറയുന്നു. മഞ്ജുളയുമായുള്ള ബന്ധം കാർത്തികേയനോട് പറഞ്ഞതിനാൽ പ്രതികാരമെന്ന നിലയിലാണ് നിധേഷിനെ കടത്തിക്കൊണ്ട് പോയി കൊന്നതെന്ന് നാഗരാജ് പോലീസിന് മൊഴി നൽകിയിരുന്നു.
 
നാഗരാജ് ജാമ്യത്തിലിറങ്ങുമെന്ന വിവരമറിഞ്ഞ മഞ്ജുള തോക്ക് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി പരിചയക്കാരായ പ്രശാന്ത്, സുധാകർ എന്നീ യുവാക്കളുടെ സഹായം തേടുകയും ചെയ്‌തു. തോക്ക് വാങ്ങാനായി പ്രശാന്ത് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. പ്രശാന്തിന് രണ്ടുലക്ഷം രൂപ മഞ്ജുള നൽകിയെങ്കിലും നാലായിരം രൂപയുടെ കള്ളത്തോക്കാണ് വാങ്ങി നൽകിയത്. 
 
തനിക്ക് ലഭിച്ചത് കള്ളത്തോക്കാണെന്നും നാലായിരം രൂപ മാത്രമേ വിലയുള്ളുവെന്നും മനസ്സിലായതോടെ മഞ്ജുള നെശപ്പാക്കം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതി സ്വീകരിച്ച പോലീസ് കള്ളത്തോക്ക് കൈവശം വച്ച മഞ്ജുളയെയും സഹായികളായ പ്രശാന്ത്, സുധാകർ എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തോക്ക് കൈയിൽ വച്ചതിനും കൊലപാതകശ്രമത്തിനും മൂന്ന് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍