മഹാരാഷ്ട്രയിൽ ഡാൻസ് ബാറുകൾ നിരോധിച്ചുകൊണ്ടുള്ള പൊലീസ് നിയമ ദേഭഗതി ബിൽ നിയമസഭ പാസാക്കി. നിയമത്തിലെ മുപ്പത്തിയൊന്ന് മുപ്പത്തിരണ്ട് വകുപ്പുകൾ ഭേദഗതി ചെയ്യണമെന്ന് ആഭ്യന്തര വകുപ്പ് ശുപാർശചെയ്തിരുന്നു. അതിനാല്‍ ത്രീസ്റ്റാർ, ഫൈവ് സ്റ്റാർ ഉൾപ്പെടെ എല്ലാ ഹോട്ടലുകളിലും ഡാൻസ് ബാറുകൾ നിരോധിക്കും.
2005ൽ മഹാരാഷ്ട്ര സർക്കാർ ഉത്തരരവ് പ്രകാരം ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഒഴികെയുള്ള ഹോട്ടലുകളിൽ ഡാൻസ് ബാർ നിരോധിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ബാർ നർത്തകിമാരും മറ്റും സമർപ്പിച്ച ഹർജി പരിഗണിച്ച് ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത് പിന്നീട് സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.
ചില ഹോട്ടലുകളിൽ മാത്രം ഡാൻസ് ബാർ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് വിവേചനപരവും ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനവുമാണെന്ന് കഴിഞ്ഞ ജൂലായിൽ കോടതി വ്യക്തമാക്കിയിരുന്നു. അതെത്തുടർന്നാണ് സർക്കാർ നിയമ ഭേദഗതി ബിൽ കൊണ്ടു വന്നത്.