വ്യത്യസ്ത അഭിപ്രായമുള്ളവരെ ആക്രമിക്കുന്നത് ജനാധിപത്യ രീതിയല്ല; കേരളത്തിലെ അക്രമങ്ങള്‍ ചര്‍ച്ചയാവണം: നരേന്ദ്ര മോദി

ഞായര്‍, 25 സെപ്‌റ്റംബര്‍ 2016 (17:03 IST)
ജനസേവനമാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരുടേയും വികസനമാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും വികസനം തുല്യമായി ലഭിക്കണം. അതിന് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും കോഴിക്കോട്ടെ ബി.ജെ.പി. ദേശീയ കൗണ്‍സലിന്റെ ഭാഗമായി നടന്ന പണ്ഡിറ്റ്‌ ദീന്‍ദയാല്‍ ഉപാധ്യായ് ജന്‍മദിനാഘോഷത്തില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.  
 
വ്യത്യസ്ത അഭിപ്രായമുള്ളവരെ ആക്രമിക്കുന്നത് ജനാധിപത്യ വഴിയല്ല. കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ അതിക്രമങ്ങൾ രാജ്യം മുഴുവൻ ചർച്ച ചെയ്യണം. മനുഷ്യാവകാശ ലംഘനങ്ങൾ ദേശീയ മാധ്യമങ്ങൾ ശ്രദ്ധിക്കണം. അതിക്രമങ്ങൾ സഹിക്കുന്നത് പലപ്പോഴും അതിനു പ്രേരണയാകുന്നുണ്ട്. ജനാധിപത്യ മാർഗങ്ങൾ ഉപേക്ഷിക്കാന്‍ ബി ജെ പി തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.  
 
മുസ്ലീംകളെ വോട്ട് ബാങ്കായി കാണുകയോ, വേര്‍തിരിച്ചുനിര്‍ത്തുകയോ അല്ല ചെയ്യേണ്ടത്. മറിച്ച് അവരെ തുല്യരായി കാണുകയാണ് വേണ്ടതെന്നാണ് ഭാരതീയ ജനസംഘത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ പറഞ്ഞിരുന്നതെന്നും മോദി ഓര്‍മിച്ചു. ബിജെപിയെ തെറ്റായി ചിത്രീകരിക്കാന്‍ വേണ്ടി പല ഗൂഢനീക്കങ്ങളും നടക്കുന്നുണ്ട്. മറ്റ് പാര്‍ട്ടിയിലെ ആളുകള്‍ നല്ലവരാണെന്ന നിലപാട് മാറ്റണം. ബിജെപി പ്രവര്‍ത്തകരെല്ലാം അതിനേക്കാള്‍ നല്ലവരാണെന്നും മോദി വ്യക്തമാക്കി.
 
യുവാക്കള്‍ ധാരാളമുള്ള രാജ്യത്തിന്റെ സ്വപ്‌നങ്ങളും യൗവനം നിറഞ്ഞതായിരിക്കണം. രാജ്യത്തിന്റെ വികസനത്തിന് യൗവനത്തിന്റെ വേഗതയും ആവശ്യമാണ്. ബി ജെ പിക്കു വേണ്ടി ത്യാഗം സഹിച്ച നിരവധി നേതാക്കളുള്ള നാടാണ് കേരളം. അതുകൊണ്ടു തന്നെ രാജ്യം മുഴുവന്‍ കേരളത്തോടൊപ്പം നില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക