മോഡി വന്നു, ദാവൂദ് മുങ്ങി?

ബുധന്‍, 21 മെയ് 2014 (11:17 IST)
ഇന്ത്യയുടെ പ്രധാനമന്ത്രിയായി മോഡിയെത്തുമെന്ന് ഉറപ്പായതൊടെ ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലെ ഒളിസങ്കേതത്തില്‍ നിന്ന് പലായനം ചെയ്തതായി പാക് പത്രം റിപ്പോര്‍ട്ട് ചെയ്തു.

കറാച്ചി വിട്ട ദാവൂദ് അഫ്ഗാനിസ്ഥാന്‍ -പാകിസ്ഥാന്‍  അതിര്‍ത്തിയില്‍ താലിബാന്റെ ഏതോ താവളത്തിലേക്കാണ്  പോയതെന്ന്  ഇന്റലിജന്‍സ് ഏജന്‍സിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. അധികാരത്തിലെത്തിയാല്‍ ദാവൂദിനെ പിടികൂടുമെന്ന് മൊഡി പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു.

ദാവൂദ്  ഇബ്രാഹിം ഇന്ത്യയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിലെ  ചൂടന്‍ വിഷയമായത് ആഭ്യന്തര മന്ത്രി ഷിന്‍ഡേയുടെ  പ്രസ്താവനയോടെയാണ്.   ദാവൂദിനെ തിരികെ കിട്ടാന്‍ സര്‍ക്കാര്‍ ഊര്‍ജിത  ശ്രമം നടത്തുന്നു എന്നായിരുന്നു പ്രസ്താവന

എന്നാല്‍,  അതേപ്പറ്റി ഒന്നുമറിയില്ലെന്ന് അന്നത്തെ ഹോം സെക്രട്ടറിയും പിന്നീട് ബിജെപിയില്‍ ചേരുകയും ചെയ്ത ആര്‍കെ സിംഗ്  വെളിപ്പെടുത്തി. ഇതിനിടെ ധനമന്ത്രിയായിരുന്ന പി ചിദംബരം  ദാവൂദ് ഇബ്രാഹിമിനെ മടക്കിക്കൊണ്ടു  വരാന്‍ ഗുജറാത്ത് മുഖ്യമന്ത്രിക്ക് എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന് ചോദിച്ച് പരിഹസിച്ചിരുന്നു.

ഇത് പൊതുവായി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്ന് സൂചിപ്പിച്ച  മോഡി അബട്ടാബാദില്‍  അമേരിക്ക റെയ്ഡ്  നടത്തി ബിന്‍ലാദനെ വധിച്ചത് പത്രസമ്മേളനം നടത്തിയ ശേഷമായിരുന്നൊ എന്ന് ചോദിച്ച് തിരിച്ചടിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ താന്‍ ചര്‍ച്ചയാകുന്നത് ദാവൂദ് ഭയപ്പെട്ടിരുന്നു. മോഡി പ്രധാനമന്ത്രിയായതോടെ ദാവൂദ് ഓട്ടം തുടങ്ങിയെന്ന് പറഞ്ഞാണ് പത്രം റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.

ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനിലെ ഒളികേന്ദ്രമായ അബോട്ടാബാദില്‍ വച്ച് അമേരിക്ക  കമാന്‍ഡോ ഓപ്പറേഷനില്‍ വധിച്ച പോലെയുള്ള ഒരു ആക്രമണത്തെ ദാവൂദ് ഭയപ്പെടുന്നതാണ് ഒളിവില്‍ പോകാന്‍ കാരണം.  ഐഎസ്ഐ ദാവൂദിന്റെ സെക്യൂരിറ്റി വര്‍ദ്ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍  പറയുന്നു.

വെബ്ദുനിയ വായിക്കുക