മോഡിയുടെ ഭാര്യക്കും അമ്മയ്ക്കും എസ്പിജി സുരക്ഷ

വെള്ളി, 23 മെയ് 2014 (17:46 IST)
നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാബെന്നിനും ഭാര്യ യശോദ ബെന്നിനും എസ്പിജി സുരക്ഷ നല്‍കാന് തീരുമാനം. മോഡി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായാണ് പ്രത്യേക സുരക്ഷാ സേനയുടെ സഹായം ഇരുവര്‍ക്കും നല്‍കാന്‍ തീരുമാനമായത്.

എസ്പിജി ആക്ട് പ്രകാരം ഇന്ത്യയുടെ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും വിഐപി സുരക്ഷാ പരിശീലനം ലഭിച്ച ഉന്നത ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കും. ഇതനുസരിച്ച് അദ്ദേഹത്തിന്റെ മൂന്നു സഹോദരന്മാര്‍ക്കും രണ്ടു സഹോദരിമാര്‍ക്കും ഇസെഡ് കാറ്റഗറി സുരക്ഷയായിരിക്കും ലഭിക്കുക.

എന്നാല്‍  മോഡിയും യശോദ ബെന്നും വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. സഹോദരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഗുജറാത്ത് പോലീസിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. സുരക്ഷാ ഉദ്യോസ്ഥരെ ഇതിനോടകം തന്നെ ഗുജറാത്തിലേക്കയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ സെവന്‍, റേസ് കോഴ്‌സിലും സൗത്ത് ബ്ലോക്കിലെ ഓഫീസിലുമായി 1000 കമാന്‍ഡോകളെ വിന്യസിക്കുമെന്നും എസ്പിജി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി എന്നിവര്‍ക്ക് എസ് പി ജി സുരക്ഷയുണ്ട്

വെബ്ദുനിയ വായിക്കുക