ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനം; കേസ് സിബിഐ ഏറ്റെടുക്കണമെന്ന് മാതാവ്

തിങ്കള്‍, 7 നവം‌ബര്‍ 2016 (11:51 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനം സംബന്ധിച്ച കേസ് സി ബി ഐ ഏറ്റെടുക്കണമെന്ന് നജീബിന്റെ അമ്മ ഫാത്തിമ നഫീസ്.
 
മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഫാത്തിമ നിലപാട് വ്യക്തമാക്കിയത്. മകന്‍ തിരിച്ചുവരണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിക്കുന്നത്. പൊലീസിന് അതിനു കഴിയുന്നില്ലെങ്കില്‍ കേസ് സി ബി ഐക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. 
 
കഴിഞ്ഞദിവസം ഇന്ത്യാഗേറ്റിനു സമീപം പ്രതിഷേധിച്ചത് ഈ ആവശ്യം ഉന്നയിച്ച് മാത്രമാണ്. എന്നാല്‍, പൊലീസ് തങ്ങളെ ബലം പ്രയോഗിച്ച് അവിടെനിന്ന് നീക്കം ചെയ്യുകയായിരുന്നുവെന്നും ഫാത്തിമ പറഞ്ഞു.
കേസ് അന്വേഷിക്കുന്നതില്‍ ഡല്‍ഹി പൊലീസ് അലംഭാവം കാണിക്കുന്നെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞദിവസം 200 ഓളം വരുന്ന ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
 
പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നജീബി​ന്റെ മാതാവിനെ പൊലീസ് ബലം പ്രയോഗിച്ച് ​വലിച്ചിഴക്കുകയും കസ്​റ്റിഡിയിലെടുക്കുകയും ചെയ്​തിരുന്നു.

വെബ്ദുനിയ വായിക്കുക