കശ്മീരില്‍ തീവ്രവാദി ആക്രമണം; ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു
വെള്ളി, 16 ജൂണ്‍ 2017 (20:35 IST)
തെക്കന്‍ കശ്മീരില്‍ പൊലീസ് സംഘത്തിന് നേരയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്ന് പൊലീസുകാർക്ക് സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മരിച്ചവരില്‍ ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസറും ഉള്‍പെടുന്നു.
സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) സബ് ഇൻസ്പെക്ടർ ഫിറോസ് ആണ് വീരമൃത്യുവരിച്ച ഓഫിസർ. ഇദ്ദേഹം പുൽവാമ സ്വദേശിയാണ്. ഏറ്റുമുട്ടലിനിടെ രണ്ടു സിവിലിയൻമാർ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അച്ചബാല്‍ ഗ്രാമത്തില്‍ വെച്ച് പെട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹനത്തെ തീവ്രവാദികള്‍ ആക്രമിക്കുകയായിരു. വാഹനത്തിലെ പൊലീസുകാരെ വധിച്ച ശേഷം തീവ്രവാദികള്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കറെ തൊയിബ ആണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.