ചൊവ്വയുടെ അന്തരീക്ഷത്തിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ മംഗള്‍‌യാന്‍ കണ്ടെത്തി

ബുധന്‍, 4 മാര്‍ച്ച് 2015 (12:37 IST)
ചൊവ്വയുടെ അന്തരീക്ഷത്തിലെ മീഥേന്‍ സാന്നിധ്യവും അന്തരീക്ഷത്തിനേക്കുറിച്ചുമുള്ള സുപ്രധാന വിവരങ്ങള്‍ ഐ‌എസ്‌ആര്‍‌ഒയ്ക്ക് ലഭിച്ചതായി സൂചന. ചൊവ്വയുടെ ഉപരിതലം പ്രതിഫലിപ്പിക്കുന്ന വികിരണങ്ങളുടെ മാപ്പ് തയ്യാറാക്കിയതോടെയാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. മംഗള്‍യാനിലെ മീഥേന്‍ സെന്‍സര്‍ ഓഫ് മാര്‍സ് (എംഎസ്എം) എന്ന ഉപകരണം ചൊവ്വയുടെ അന്തരീക്ഷത്തില്‍ മീഥേന്‍ ഉണ്ടോയെന്നും ഉണ്ടെങ്കില്‍ അതിന്റെ സാന്ദ്രത എങ്ങനെയെന്നും അറിയാനാണ് സ്ഥാപിച്ചിരിക്കുന്നത്.
 
ഈ ഉപകരനത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഗ്രഹം പ്രതിഫലിപ്പിക്കുന്ന സൗരവികിരണങ്ങളെ രേഖപ്പെടുത്താനും അതില്‍ സൗകര്യമുണ്ട്. അങ്ങനെ കഴിഞ്ഞ ഡിസംബര്‍ 16 വരെ രേഖപ്പെടുത്തിയ വിവരങ്ങള്‍കൊണ്ടു തയ്യാറാക്കിയ മാപ്പ് അനുസരിച്ച് ഗ്രഹത്തില്‍ മീഥേനിന്റെ സാന്ദ്രത അളക്കാന്‍ കഴിയുമെന്നാണ് ഐ‌എസ്‌ആര്‍‌ഒ പ്രതീക്ഷിക്കുന്നത്.
 
മംഗള്‍യാനിലെ കളര്‍ ക്യാമറ ചൊവ്വയുടെ ഉപരിതലത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ട്. അവയും മാപ്പും അപഗ്രഥിച്ച് ഉപരിതലത്തെപ്പറ്റി പഠിക്കാനാകുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പ്രതിഫലിച്ചുവരുന്നതിന്റെ തിളക്കം പ്രകാശത്തിന്റെ പ്രത്യേക തരംഗനീളത്താല്‍ തിട്ടപ്പെടുത്തിയാണ് മാപ്പ് തയ്യാറാക്കുന്നത്. ഗ്രഹോപരിതലത്തില്‍നിന്ന് പ്രതിഫലനം കുറച്ചുള്ള ഇടങ്ങള്‍ നീലയായും കൂടിയ ഇടങ്ങള്‍ ചുവപ്പായും മാപ്പില്‍ സൂചിപ്പിച്ചിരിക്കുന്നു.
 
സൌരയുഥത്തിലെ എല്ലാ ഗ്രഹങ്ങളും സൂര്യപ്രകാശം പ്രതിഫലിലിപ്പിക്കുന്നുണ്ട്. അത് അവയുടെ സ്ഥാനം, അവയിലെ അന്തരീക്ഷം, ഉപരിതലത്തില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങള്‍ ജലത്തിന്റെ സാന്നിധ്യം എന്നീ കാരണങ്ങളാല്‍ പ്രതിഫലനത്തിന്റെ തോതില്‍ വ്യത്യാസമുണ്ടാകും. അതിനാല്‍ പ്രതിഫലിച്ചുവരുന്ന പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യം നിരീക്ഷിച്ചാല്‍ അന്തരീക്ഷത്തിലും ഗ്രഹത്തിന്റെ ഉപരിതലത്തിലും എന്തെല്ലാമുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കും. ഈ പരിശ്രമമാണ് ഐ‌എസ്‌ആര്‍‌ഒ നടത്തുന്നത്.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക