മലയാളികളാണ് യഥാര്‍ഥ ഇന്ത്യാക്കാര്‍; ഒരു ഇന്ത്യാക്കാരന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളുമുള്ളത് കേരളീയര്‍ക്ക് മാത്രം - മാര്‍ക്കേണ്ഡേയ കട്‌ജു
വ്യാഴം, 11 ഓഗസ്റ്റ് 2016 (20:48 IST)
ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മലയാളികളാണ് യഥാര്‍ഥ ഇന്ത്യാക്കാരെന്ന് മാര്‍ക്കേണ്ഡേയ കട്‌ജു. എന്തിനേയും സ്വീകരിക്കാനുള്ള മനസാണ് മലയാളികളുടെ ഏറ്റവും വലിയ സവിശേഷത. ഒരു ഇന്ത്യാക്കാരന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളുമുള്ളത് മലയാളികള്‍ക്കു മാത്രമാണെന്നും ഫേസ്‌ബുക്ക് പോസ്‌റ്റില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
യഥാര്‍ഥ ഇന്ത്യാക്കാര്‍ ആരാണ് എന്ന് സ്വയം ചോദിച്ചുകൊണ്ട് ഫേസ്‌ബുക്കിലിട്ട പോസ്‌റ്റിലാണ് കട്ജു മലയാളികളുടെ ജീവത രീതിയേയും പ്രശംസിക്കുന്നത്. മതങ്ങള്‍, ജാതികള്‍, ഭാഷകള്‍, ഗോത്രങ്ങള്‍, പ്രാദേശിക വിഭാഗങ്ങള്‍ അങ്ങനെ നാനാത്വത്തിന്റെ ബഹുരൂപമാണ് ഇന്ത്യ. അതിനാല്‍ എല്ലാവരും എല്ലാവരെയും ബഹുമാനിച്ചും സ്‌നേഹിച്ചും ജീവിക്കാന്‍ പഠിക്കണം. ഈ സ്‌നേഹം കാണാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണ്. ഇവരില്‍ നിന്ന് അനവധി കാര്യങ്ങള്‍ കണ്ടു പഠിക്കേണ്ടതുണ്ട്. ജാതിയും മതവും വര്‍ഗവും അവര്‍ക്ക് പ്രശ്‌നമല്ലാത്തതിനാല്‍ ഇന്ത്യയെ മുഴുവന്‍ പ്രതിനിധീകരിക്കുന്നത് മലയാളികളാണെന്ന് പറയേണ്ടിവരുമെന്നും കട്‌ജു വ്യക്തമാക്കുന്നു.
ഭൂഗോളത്തിന്റെ ഏത് കോണിലും ചെന്നാല്‍ മലയാളികളെ കാണാന്‍ സാധിക്കും. നീല്‍ ആംസ്‌ട്രോങ് 1969 ല്‍ ചന്ദ്രനില്‍ കാല്‍കുത്തിയപ്പോള്‍ അവിടെ ഒരു മലയാളി അദ്ദേഹത്തോട് ''ചായ വേണോ'' എന്ന് ചോദിച്ചതായി ഒരു തമാശതന്നെയുണ്ടെന്നും കട്‌ജു പറയുന്നു. ഗള്‍ഫ് നാടുകളില്‍ ഏറെയുമുള്ളത് മലയാളികളാണ്. തോമാ സ്ലീഹാ വന്നിറങ്ങിയ കേരളത്തില്‍ ഇസ്ലാം മതം കടന്നുവന്നത് വ്യാപാരബന്ധത്തിലൂടെയാണ്. ഉത്തരേന്ത്യയിലെ ഇസ്ലാം കടന്നു വന്നതിന്റെ വിപരീത രീതിയിലാണ് കേരളത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ കാണുന്നതു പോലെ താഴ്‌ന്ന ജാതിക്കാരോട് കേരളത്തില്‍ യാതൊരു വിവേചനവുമില്ല. പഠനകാലത്ത് അലഹബാദില്‍ അഭിഭാഷകനായി ജോലി ചെയ്യുമ്പോള്‍ അവിടുത്തെ ഒരു കാപ്പിക്കടയില്‍ പോകുമായിരുന്നു. അവിടുത്തെ ജീവനക്കാരില്‍ പലരും മലയാളികളായിരുന്നു.ഇന്ത്യയിലും വിദേശത്തും മിക്ക ആസ്പത്രികളിലും നേഴ്‌സുമാരായി മലയാളികളുണ്ട്. കേരളത്തില്‍ നിരക്ഷരര്‍ ഇല്ലെന്നാണ് ഞാന്‍ കരുതുന്നതെന്നും കട്‌ജു ഫേസ്‌ബുക്ക് പോസ്‌റ്റില്‍ പറയുന്നു.
ബുദ്ധിമാന്മാരും കഠിനാധ്വാനികളും മര്യാദയും വിനയവുമുള്ളവരാണ് മലയാളികള്‍. വിശാലഹൃദയമുള്ളവരാണ് അവര്‍. പുരോഗമനവാദികളും സര്‍വദേശപ്രിയരും മതേതര ചിന്താഗതിക്കാരുമാണ് എല്ലാ ഇന്ത്യക്കാരും മലയാളികളില്‍ നിന്ന് പഠിക്കണം. മലയാളികള്‍ നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞാണ് മാര്‍ക്കേണ്ഡേയ കട്‌ജു പോസ്റ്റ് അവസാനിപ്പിക്കുന്നത്.