ഒളിവിൽ കഴിഞ്ഞിരുന്ന ജെ ഡി യു നേതാവ് മനോരമ ദേവി കീഴടങ്ങി

ചൊവ്വ, 17 മെയ് 2016 (13:13 IST)
വാഹനത്തെ മറികടന്നതിന് വിദ്യാർത്ഥിയെ വെടിവെച്ച് കൊന്ന റോക്കി യാദവിന്റെ മാതാവും ജെഡിയു എം എൽ എയുമായ മനോരമ ദേവി കീഴടങ്ങി. സംഭവത്തിൽ റോക്കിയെ അറസ്റ്റ് ചെയ്തപ്പോൾ ഒളിവിൽ പോയതായിരുന്നു മനോരമ. ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ടുണ്ടായിരുന്നു. മനോരമ ദേവിയുടെ അനുഗ്രഹ് പുരിയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തിരുന്നു. 
 
ബീഹാറിൽ സമ്പൂർണ മദ്യനിരോധനമാണുള്ളത്. ഈ സാഹചര്യത്തിൽ മദ്യകുപ്പികൾ കൈവശം വച്ചത് അഞ്ചു മുതൽ പത്തു വര്‍ഷം വരെ തടവും പത്തു ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം മനോരമ ദേവി ഒളിവിലായിരുന്നു. അതേസമയം, താൻ കുറ്റവാളി അല്ലെന്നും തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നും മനോരമ പറഞ്ഞു.
 
ശനിയാഴ്ച വൈകിട്ടാണ് പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥിയായ ആദിത്യ സച്ച്‌ദേവയെ റോക്കി വെടിവെച്ചുകൊന്നത്. ഗയ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. കേസില്‍ വിചാരണ വേഗത്തിലാക്കുമെന്നും പരമാവധി ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കുമെന്നും സിറ്റി എസ്.പി. അവകാശ്കുമാര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക