പുസ്തകപ്പാരകള്‍ക്ക് മറുപടി നല്‍കാന്‍ മന്‍‌മോഹനും പുസ്തകമെഴുതുന്നു!

തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (11:12 IST)
മുന്‍ പ്രധാന മന്ത്രി മന്‍‌മോഹന്‍ സിംഗിനേ വിമര്‍ശിച്ചുകൊണ്ട് ഇറങ്ങിയ പുസ്തക പരമ്പരകള്‍ക്ക് മറുപടി നല്‍കാന്‍ മന്‍‌മോഹനും പുസ്തകമെഴുതുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്‍ നേതാവ് ‘നട്വര്‍ സിങിന്‍െറ വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ്’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍,  പ്രധാനമന്ത്രിയുടെ ഓഫീസിലെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവിന്‍െറ ‘ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍’, മുന്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് എഴുതിയ പുസ്തകം തുടങ്ങിയവ മന്‍‌മോഹനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഉണ്ടാക്കിയ നാണക്കേട് ചില്ലറായിരുന്നില്ല.

ഇപ്പോള്‍ മന്‍‌മോഹനും പുസ്തകമെഴുതുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ ആശങ്കയിലായിരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വമാണ്. പ്രധാനമന്ത്രിയായിരിക്കെ തന്‍െറ ഓഫീസും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ചെല്ലാം പുസ്തകത്തില്‍ മന്‍മോഹന്‍ വെളിപ്പെടുത്തുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രധാനമന്ത്രിക്ക് മേലെയാണ് പാര്‍ട്ടി അധ്യക്ഷ സോണിയ പ്രവര്‍ത്തിച്ചതെന്നാണ് സഞ്ജയ് ബാരു പുസ്തകത്തില്‍ പറഞ്ഞത്. യു.പി.എ ഭരണകാലത്ത് വിവാദമായ 2ജി സ്പെക്ട്രം, കല്‍ക്കരിപ്പാടം ഇടപാടുകളില്‍ മന്‍മോഹന്‍ സിങിന്‍െറ നിലപാടിനെ  അടുത്തിടെ തന്‍െറ പുസ്തകത്തില്‍ വിമര്‍ശിച്ചിരുന്നു. ഇത്തരം പുസ്തക വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന്റെ ഭാഗമായി രണ്ടാം യു.പി.എ ഭരണകാലത്ത് തന്‍െറ ഓഫീസും പ്രമുഖ മന്ത്രിമാരുമായുണ്ടായ ആശയവിനിമയങ്ങള്‍ സ്ഥാനമൊഴിയുന്നതിനുമുമ്പ് മന്‍മോഹന്‍ സിംഗ് ശേഖരിച്ചിരുന്നെന്നാണറിയുന്നത്.

തന്‍െറ സര്‍ക്കാര്‍ ഇന്തോ-യു.എസ് ആണവകരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചതിനുതൊട്ടുപിന്നാലെ പാര്‍ട്ടി അധ്യക്ഷയുമായുണ്ടായ അഭിപ്രായവ്യത്യാസവുമെല്ലാം പുസ്തകത്തില്‍വന്നേക്കും. പാര്‍ട്ടി നേതൃത്വവുമായുള്ള മന്‍മോഹന്‍െറ ബന്ധത്തില്‍ വിള്ളലുണ്ടാക്കാനും യുപിഎ സഖ്യത്തില്‍നിന്ന് ഇടതുപാര്‍ട്ടികള്‍ വിട്ടുപോകാനും വഴിവെച്ചത് ഈ കരാറാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക