മണിപ്പൂര്‍ ഭീകരാക്രമണം; തീവ്രവാദികള്‍ ഉപയോഗിച്ചത് അമേരിക്കന്‍ ആയുധങ്ങള്‍

വെള്ളി, 5 ജൂണ്‍ 2015 (14:13 IST)
ഇന്നലെ മണിപ്പൂരിലെ ചൻഡൽ ജില്ലയിൽ 20 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ തീവ്രവാദികള്‍ ഉപയോഗിച്ചത് യുഎസ് നിർമിത ആയുധങ്ങളാണെന്ന് കണ്ടെത്തി. യുഎസ് നിർമിത റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ചാണ് അമ്പതോളം ഭീകരർ സൈനികരുടെ നേർക്ക് ആക്രമണം നടത്തിയത് എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് - ഖപ്‌ലാൻ (എൻഎസ്‌സിഎൻ - കെ) ഏറ്റെടുത്തു.

ഭീകരര്‍ക്ക് അമേരിക്കന്‍ ആയുധങ്ങള്‍ എപ്രകാരമാണ് ലഭിച്ചത് എന്ന് ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ ഇസ്ലാമിക ഭീകരരുടെ സഹായം നാഗാ തീവ്രവാദികള്‍ക്ക് ലഭിച്ചതായി മന്ത്രാലയം സംശയിക്കുന്നുണ്ട്. മണിപ്പൂരിലെ ഭീകരാക്രമണങ്ങളെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്‌, മറ്റ്‌ സീനിയര്‍ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ യോഗം ചേർന്നിരുന്നു.

യോഗത്തില്‍ ഭീകരര്‍ക്കെതിരെ സൈനിക നടപടിക്ക് ഏകദേശ രൂപമായതായി സൂചനയുണ്ട്. അര്‍ധസൈനിക വിഭാഗത്തെ ഉപയോഗിച്ച്‌ ബോഡോലാൻഡ് ഭീകരരെ ഒതുക്കാന്‍ മാസങ്ങള്‍ക്കു മുമ്പു നടത്തിയ അതേ രീതിയിലുള്ള തിരിച്ചടിയാണ്‌ കേന്ദ്രം ആലോചിക്കുന്നത്‌. ഇന്നലെ സൈനികര്‍ക്ക് നേരെ ഗ്രനേഡുകളും കുഴിബോംബുകളും അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ഭീകരാക്രമണം നടത്തിയത്.

വെബ്ദുനിയ വായിക്കുക