ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോഡിയുടെ പേരില്‍ പുതിയ ഇനം മാങ്ങ വികസിപ്പിച്ചു. വ്യത്യസ്ത ഇനങ്ങളില്‍പെട്ട മാങ്ങകള്‍ വികസിപ്പിച്ച് ശ്രദ്ധേയനായ ഹാജി ഖലീമുല്ല ഖാനാണ് പുതുതായി മോഡിയുടെ പേരില്‍ മാങ്ങ വികസിപ്പിച്ചത്. ബഡ്ഡിങ്ങിലൂടെയാണ് ഇദ്ദേഹം പുതിയ ഇനം മാങ്ങ വികസിപ്പിച്ചെടുത്തത്. മോഡി മാങ്ങയുടെ ആദ്യ ഫലങ്ങള്‍ താന്‍ പ്രധാനമന്ത്രിക്കായി കരുതിവച്ചിരിക്കുകയാണെന്നും അത് എങ്ങനെയെങ്കിലും അദേഹത്തിന്റെ പക്കല്‍ എത്തിക്കണമെന്നാണ് ആഗ്രഹമെന്നും ഈ കര്‍ഷകന്‍ പറയുന്നു.
മോഡി മാങ്ങയുടെ അഞ്ചു തൈകള്‍ കൂടി താന്‍ വികസിപ്പിച്ചതായും അവ മോദിയുടെ മാതൃസംസ്ഥാനമായ ഗുജറാത്തില്‍ നട്ടുപരിപാലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഖലീമുല്ല പറയുന്നു. വിശ്വസുന്ദരി ഐശ്വര്യറായിയുടെയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും പേരില്‍ മാങ്ങ സൃഷ്ടിച്ചു ഖാന്‍ ഖ്യാതി നേടിയിരുന്നു.
ബഡ്ഡിങ്ങിലെ വൈദഗ്ധ്യത്തിനു 2008 ല്‍ പദ്മശ്രീ പുരസ്കാരം നല്‍കി രാഷ്ട്രം ആദരിച്ചു. എല്ലാ വര്‍ഷവും ജൂണ്‍ മാസം ഡല്‍ഹി ആതിഥ്യം ഒരുക്കുന്ന രാജ്യാന്തര മാങ്ങാ മഹോത്സവത്തില്‍ മാങ്ങാ മാഹാത്മ്യവുമായി ഖാന്‍ സ്ഥിരം സാന്നിധ്യമാണ്. നൂറു വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഒരു മാവില്‍ നിന്നു മുന്നൂറിലേറെ വ്യത്യസ്ത ഇനം മാങ്ങകള്‍ ഉല്‍പാദിപ്പിച്ച് ആത്ഭുത താരമായ വ്യക്തിയാണ് ഖലീമുല്ല ഖാന്‍.