മാലിയിലെ സൈനിക സാന്നിധ്യം, ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്ന് ചൈന
ശനി, 25 ജൂലൈ 2015 (16:15 IST)
മാലിയില്‍ ദ്വീപുകള്‍ വാങ്ങിയത് നാവിക താവളം ഒരുക്കാനല്ലെന്നും വിഷയത്തില്‍ ഇന്ത്യക്ക് ആശങ്ക വേണ്ടെന്നും ചൈന. ദ്വീപ് വ്യാവസായിക ആവശ്യത്തിനാണ് ഉപയോഗിക്കുക എന്നും ചൈനീസ് സര്‍ക്കാര്‍ പറഞ്ഞു. ഇന്ത്യയുടെ അയല്‍രാജ്യമായ മാലിയിലേക്ക് സൈനിക സാന്നിധ്യം വ്യാപിപ്പിക്കാനാണ് ചൈന ദ്വീപുകള്‍ വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മാലിദ്വീപിലെ പുതിയ നിയമം അനുസരിച്ച് വിദേശികൾക്ക് അവിടെ ഭൂമി വാങ്ങാം. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈനയിൽ നിന്നുള്ളവർ ഭൂമി വാങ്ങിയത്. ഇവിടെ നാവികസേനയുടെ ബേസ് പോലുള്ള കാര്യങ്ങൾ നിർമ്മിക്കില്ലെന്നും എന്നാല്‍ ചൈനയുടെ തീരത്ത് നിന്ന് അകലെയുള്ള കടലിലും സാന്നിധ്യമറിയിക്കാനാണ് നാവിക സേനയുടെ ലക്ഷ്യമെന്ന് ചൈനീസ് പ്രതിരോധമന്ത്രാലയം പറഞ്ഞു. ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ പീപ്പിള്‍സ് ഡെയ്ലിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആള്‍പ്പാര്‍പ്പില്ലാത്ത മുപ്പതോളം ചെറുദ്വീപുകളാണ് ചൈന സ്വന്തമാക്കിയത്. പാട്ട വ്യവസ്ഥയില്‍ ചൈനീസ് വ്യവസായികളാണ് മാലി സര്‍ക്കാറില്‍ നിന്ന് ദ്വീപുകള്‍ കരസ്ഥമാക്കിയത്. മാലിയെ കൂടാതെ ശ്രീലങ്കയിലെ കൊളംബോ തീരത്തും ചൈന തുറമുഖ പദ്ധതികൾ മുന്നോട്ടു വച്ചിരുന്നു. എന്നാൽ മഹീന്ദ്ര രജപക്ഷെയ്ക്ക് ശേഷം വന്ന സിരിസേന സർക്കാർ പദ്ധതിക്ക് അനുമതി നിഷേധിക്കുകയായിരുന്നു.