ഓര്‍മ്മകളിലെ സ്വാന്തനമായി ഇനി ഗോപിനാഥ് മുണ്ടെ
വാഹനാപകടത്തിൽ മരിച്ച കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മൃതദേഹം സംസ്കരിച്ചു. ജന്മനാടായ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പർലി ഗ്രാമത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസാക്കരം നടന്നത്.
രാവിലെ 10 മണിയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മുണ്ടെയുടെ മൃതദേഹം ലത്തൂരിലെത്തിച്ചത്. രാജീവ് പ്രതാപ് റൂഡി അടക്കമുള്ള മുതിർന്ന ബിജെപി പ്രവര്‍ത്തകരാണ് വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങിയത്.
മുണ്ടെയുടെ മൃതദേഹം കാണാന്‍ വിമാനത്താവളത്തിന് പുറത്ത് ആയിരങ്ങളാണ് കാത്തുനിന്നത്. അതിനാല്‍ ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് മൃതദേഹം സൂക്ഷിച്ചു. മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ ജിതേന്ദ്ര അവാദ്, കോൺഗ്രസ് അംഗമായ സഹമന്ത്രി അമിത് ദേശ്‌മുഖ് എന്നിവരും ആദരാഞ്ജലി അർപ്പിച്ചു.