പാചകവാതക വില വീണ്ടും കൂട്ടി; ഒറ്റയടിക്ക് വർധിപ്പിച്ചത് 90 രൂപ, സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 1386 രൂപ!

ബുധന്‍, 1 മാര്‍ച്ച് 2017 (08:54 IST)
സാധാരണക്കാരന് വീണ്ടും ഇരുട്ടടി നല്‍കി കേന്ദ്രസർക്കാർ. രാജ്യത്ത് പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറുകള്‍ക്കും വാണിജ്യ ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറുകള്‍ക്കും സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഒറ്റയടിക്ക് വർധിപ്പിച്ചത് വലിയൊരു തുകയാണ്.
 
ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 90 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 764 രൂപ 50 പൈസ നല്‍കേണ്ടി വരും ഇനിമുതല്‍. വാണിജ്യ ആവശ്യത്തിനുളള സിലിണ്ടറിന് 148 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇതോടെ 1386 രൂപയായി സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില ഉയര്‍ന്നു. ഒരു മാസത്തിനിടയ്ക്ക് ഇത് രണ്ടാമത്തെ തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്.
 
നോട്ട് നിരോധനം ഇന്ത്യയുടെ ഗ്രാമീണ മേഖലകളില്‍ സാധാരണക്കാര്‍ക്കുണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറുന്നതിന് മുമ്പാണ് അടുത്ത പ്രഹരം. ആഗോള വിപണയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ വര്‍ധനയാണ് പാചക വാതക വിലവര്‍ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

വെബ്ദുനിയ വായിക്കുക