അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്, സുമിത്ര മഹാജന്‍ സ്പീക്കറാകും

വ്യാഴം, 5 ജൂണ്‍ 2014 (09:46 IST)
ഇന്‍ഡോറില്‍ നിന്നുള്ള ലോക്‌സഭാംഗവും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ സുമിത്ര മഹാജന്‍ ലോക്‌സഭ സ്‌പീക്കര്‍ ആകുമെന്ന്‌ റിപ്പോര്‍ട്ട്‌. ഇന്ത്യന്‍ ലോക്‌സഭ ചരിത്രത്തിലെ രണ്ടാമത്തെ വനിത സ്‌പീക്കറായിരിക്കും സുമിത്ര മഹാജന്‍. സുമിത്ര ഇന്ന്‌ ഉച്ചയ്‌ക്ക് മുമ്പ്‌ പത്രിക സമര്‍പ്പിക്കും.

സ്പീക്കര്‍ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിക്കുന്നതിനുള്ള സംയം ഇന്ന് 11 മണിവരെയാണ്. എന്നാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരമുണ്ടാകാനുള്ള സാധ്യത തീരെ ഇല്ല.  സ്‌പീക്കറെ തെരഞ്ഞെടുത്ത ശേഷമാകും പ്രതിപക്ഷ നേതാവിനെയും ഡെപ്യൂട്ടി സ്‌പീക്കറെയും തെരഞ്ഞെടുക്കുക. കോണ്‍ഗ്രസിന്‌ പ്രതിപക്ഷ നേതൃസ്‌ഥാനം ലഭിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല.

അതേസമയം അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഇന്ന് മുഴുവന്‍ പേരുടെയും സത്യ പ്രതിജ്ഞ പൂര്‍ത്തിയായില്ലെങ്കില്‍ നാളത്തേക്ക് മാഇവയ്ക്കേണ്ടി വരും. അങ്ങനെയാണെങ്കില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കാനാണ് സാധ്യത.

എന്നാല്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനം കോണ്‍ഗ്രസിന്‌ ലഭിക്കുകയാണെങ്കില്‍ അത്‌ കേരളത്തിന്‌ നല്‍കണമെന്ന്‌ സംസ്‌ഥാനത്തെ എംപിമാരില്‍ നിന്ന്‌ ആവശ്യമുയര്‍ന്നിട്ടുണ്ട്‌. ഇന്ത്യന്‍ പാര്‍ലമെന്റിന്‌ തുടര്‍ച്ചയായി രണ്ടാം തവണയാണ്‌ വനിത സ്‌പീക്കറെ ലഭിക്കുന്നത്‌. കഴിഞ്ഞ ലോക്‌സഭയിലെ സ്‌പീക്കറായിരുന്ന മീര കുമാറാണ്‌ ഇന്ത്യന്‍ പാര്‍ലമെന്റിലെ ആദ്യ വനിത സ്‌പീക്കര്‍.

ലോക്‌സഭയില്‍ കാല്‍ നൂറ്റാണ്ട്‌ തികയ്‌ക്കുന്ന സുമിത്രയ്‌ക്ക് ഏറ്റവും കൂടുതല്‍ കാലം ലോക്‌സഭാംഗമായ വനിത എന്ന ഖ്യാതിയുമുണ്ട്‌. 1989 മുതല്‍ ലോക്‌സഭാംഗമാണ്‌ എഴുപത്തിയൊന്നുകാരിയായ സുമിത്ര മഹാജന്‍. 2002-2004 കാലഘട്ടത്തില്‍ വാജ്‌പേയി മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു.


 

വെബ്ദുനിയ വായിക്കുക