റേഷൻ വേണോ? എങ്കിൽ ആധാർ കാർഡ് നിർബന്ധം, സർക്കാർ ഉത്തരവിറക്കി

വെള്ളി, 10 ഫെബ്രുവരി 2017 (08:18 IST)
നോട്ട് നിരോധനത്തിന്റെ പ്രതിസന്ധികൾ പൂർണമായും അവസാനിക്കുന്നതിനു മുന്നേ പുതിയ നടപടിയുമായി കേന്ദ്ര സർക്കാർ. പാചകവാതകത്തിന് പിന്നാലെ റേഷന്‍ കടകളിലും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവ് പ്രകാരം ഇനിമുതല്‍ റേഷന്‍ സബ്‌സിഡി ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം.
 
കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റേതാണ് ഇതുസംബന്ധിച്ച വിജ്ഞാപനം. ബുധനാഴ്ച്ച മുതല്‍ വിജ്ഞാപനം നിലവില്‍ വന്നു. റേഷന്‍ സബ്‌സിഡിയിലെ അഴിമതി അവസാനിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഫലമായിട്ടാണ് റേഷൻ വേണമെങ്കിൽ ആധാർ കാർഡ് കാണിക്കണമെന്ന് സർക്കാർ ഉത്തരവിട്ടത്.
 
ആധാര്‍ കാര്‍ഡ് എടുക്കാത്തവര്‍ക്ക് ജൂണ്‍ 30 വരെ ഇളവ് ലഭിക്കും. ജൂണ്‍ 30ന് ശേഷവും ആധാര്‍ എടുക്കാത്തവര്‍ക്ക് റേഷന്‍ വഴി നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് സബ്‌സിഡി നല്‍കില്ല. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്.

വെബ്ദുനിയ വായിക്കുക