പ്രധാനമന്ത്രിക്ക് കത്തയച്ച എട്ടുവയസുകാരിയെ സര്‍ക്കാര്‍ ഏറ്റെടുത്തു

വ്യാഴം, 21 മെയ് 2015 (16:50 IST)
ജൻമനാ ഹൃദയത്തിന് തകരാറുള്ള ആഗ്രയിലെ എട്ടുവയസുകാരി ചികിത്സാ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കയച്ച കത്ത് ഫലം കണ്ടു. ചിലവെത്രയാണെങ്കിലും കുട്ടിയുടെ ചികിത്സ വഹിക്കണമെന്ന്‍ പ്രധാനമന്ത്രിയുടെ ഉത്തരവ് ഡല്‍ഹി സര്‍ക്കാരിന് ലഭിക്കുയയും ചെയ്തു. തായ്ബ എന്ന പെണ്‍കുട്ടിക്കാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ രോഗ സൌഖ്യം ലഭിക്കാന്‍ പോകുന്നത്.

ടിവിയില്‍ പ്രധാനമന്ത്രിയെ കണ്ടപ്പോളാണ് കുഞ്ഞ് തായ്ബയ്ക്ക് കത്തെഴുതാന്‍ പ്രചോദനം ലഭിച്ചത്. എന്നാല്‍ മകള്‍ കത്തയച്ചെങ്കിലും രക്ഷിതാക്കള്‍ അത് കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ കുറച്ചു ദിവസങ്ങൾക്കുശേഷം തായിബയുടെ കുടുംബം ശരിക്കും ഞെട്ടി. കൂടുതൽ വിവരങ്ങൾ ആരാഞ്ഞുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് മറുപടി. ചിലവെത്രയാണെങ്കിലും തായിബയുടെ ചികിൽസ നടത്തിക്കൊടുക്കാൻ ഡൽഹി ഗവൺമെന്റിന് പ്രധാനമന്ത്രി ഉത്തരവിട്ടു.

തന്റെ ചികിൽസയ്ക്ക് 15-20 ലക്ഷം രൂപ വേണമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും ചെരുപ്പുതുന്നൽ തൊഴിലാളിയായ തന്റെ പിതാവിന് അത് താങ്ങാനാവില്ലെന്നുമായിരുന്നു കത്തിൽ തായ്ബ ചൂണ്ടിക്കാട്ടിയത്. പ്രധാനമന്ത്രിയുടെ ഉത്തരവ് വന്നതിനു പിന്നാലെ ഗുരു തേഗ് ബഹാദൂർ ആശുപത്രിയിൽ തായിബയുടെ ചികിൽസ ആരംഭിക്കാൻ ഡൽഹി ഗവൺമെന്റ് ഉത്തരവിട്ടു കഴിഞ്ഞു.

നിലവില്‍ തായ്ബ ചികിത്സ തേടുന്നത് ആഗ്രയിലാണ്. എന്നാല്‍ അവിടെ ഇതിനുവേണ്ട സൌകര്യങ്ങളില്ല. മൂന്നാം ക്ളാസുകാരിയായ തായിബയുടെ സ്വപ്നം ഒരു ബാങ്ക് ജീവനക്കാരിയാവുകയെന്നതാണ്. രോഗം ഭേദമാകുന്നതോടെ നന്നായി പഠിച്ച് തന്റെ സ്വപ്നം സാധ്യമാക്കുകയാണ് തായിബയുടെ ലക്ഷ്യം.

വെബ്ദുനിയ വായിക്കുക