ലഡാക്കിലെ ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഭരണം ബിജെപി പിടിച്ചു
ശനി, 24 ഒക്‌ടോബര്‍ 2015 (13:53 IST)
കാശ്മീരിലെ ബീഫ് നിരോധനം, കാലി കടത്തിയതിന് യുവാവിനെ ചുട്ടുകൊന്ന സംഭവം തുടങ്ങി പ്രതികൂല ഘടകങ്ങള്‍ നിലനില്‍ക്കുമ്പോഴും ജമ്മുകശ്മീരിലെ ലഡാക്കിലെ ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന ലഡാക്കില്‍ 26 ല്‍ 18 സീറ്റുകളും നേടിയാണ് ബിജെപി കൌണ്‍സില്‍ അധികാരം പിടിച്ചത്.
കഴിഞ്ഞ 17 നായിരുന്നു ലഡാക്ക് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. തിക്‌സയ്, ചുചോട്ട്, അപ്പര്‍ ലേ, പ്യാങ്, സ്‌കു മാര്‍ക്ക, സസ്‌പോള്‍, തെമിസ്ഗാം, കല്‍ട്‌സെ, സ്‌കര്‍ബചന്‍ എന്നീ കൗണ്‍സില്‍ സീറ്റുകളെല്ലാം ബിജെപി തൂത്തുവാരി. കോണ്‍ഗ്രസ് 4 സീറ്റുകളിലും നാഷണല്‍ കോണ്‍ഫറന്‍സ് 2 സീറ്റുകളിലും ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് വിജയിച്ചത്. 30 അംഗ കൗണ്‍സിലില്‍ 26 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. നാല് സീറ്റുകളില്‍ കാശ്മീര്‍ സര്‍ക്കാരിന് പ്രതിനിധികളെ നോമിനേറ്റ് ചെയ്യാം.
വിജയികളെ ബിജെപി ദേശീയ നേതൃത്വം അഭിനന്ദിച്ചു. കാശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ശക്തമായതായ പ്രചാരണത്തിനിടെയാണ് ബിജെപിയുടെ തിളക്കമാര്‍ന്ന വിജയം. ഇത്തരം പ്രചാരണങ്ങള്‍ അസ്ഥാനത്താണെന്നും കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന ബിജെപി നിലപാടിന് ലഭിച്ച അംഗീകാരമാണിതെന്നുമാണ് സംസ്ഥാന നേതാക്കളുടെ പ്രതികരണം.