പൊലീസ് കസ്റ്റഡിയില്‍ താന്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായെന്ന് മറാത്തി നടി കേതകി ചിത്‌ലെ. എന്‍സിപി നേതാവ് ശരദ് പവാറിനെതിരായ അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് കേതകിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 40 ദിവസം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞതിനു ശേഷം പുറത്തിറങ്ങിയ കേതകി താന്‍ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് സിഎന്‍എന്‍ ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
'എന്‍സിപി പ്രവര്‍ത്തകരാല്‍ ഉപദ്രവിക്കപ്പെടുകയും നാണംകെടുത്തപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ പൊലീസ് നിശബ്ദരായി നിന്നു. നിയമപരമായല്ല ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അറസ്റ്റിനു മുന്‍പ് ഒരു നോട്ടീസ് പോലും ലഭിച്ചിട്ടില്ല. വീട്ടില്‍ വന്ന് പൊലീസ് എന്നെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. താനെ പൊലീസ് കസ്റ്റഡിയിലേക്ക് എന്നെ കൊണ്ടുപോയി. അവിടെ എന്‍സിപിയുടെ വനിത പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഇരുപതോളം വരുന്ന വനിത പ്രവര്‍ത്തകര്‍ എന്റെ ദേഹത്തേക്ക് മഷിയും മുട്ടയും എറിഞ്ഞു. പൊലീസ് കസ്റ്റഡിയില്‍വെച്ച് ഞാന്‍ പീഡിപ്പിക്കപ്പെട്ടു,' കേതകി പറഞ്ഞു.
' ഞാന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടു. പൊലീസ് നോക്കി നില്‍ക്കുകയായിരുന്നു. പൊലീസിന്റെ നിലപാടില്‍ എനിക്ക് ആശ്ചര്യം തോന്നി. എന്‍സിപി പ്രവര്‍ത്തകര്‍ എന്നെ അടിച്ചു. ഞാന്‍ എഴുതാത്ത വാക്കുകളുടെ പേരില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഞാന്‍ ഒരു സാരിയാണ് ധരിച്ചിരുന്നത്. ആരൊക്കെയോ ചേര്‍ന്ന് എന്റെ സാരി വലിച്ചൂരി. എന്റെ വലത് വശത്തെ മുലയില്‍ അടിച്ചു. അവര്‍ എന്നെ അടിച്ചപ്പോള്‍ ഞാന്‍ പൊലീസ് ജീപ്പിലേക്ക് വീണു. എന്റെ സാരിയൊക്കെ ഊരിപ്പോയി. ഇതിനെ പ്രതിരോധിക്കാന്‍ പൊലീസ് ഒന്നും ചെയ്തില്ല.' കേതകി കൂട്ടിച്ചേര്‍ത്തു.