കെജ്രിവാളും ഗവര്‍ണറും തമ്മില്‍ വീണ്ടും അധികാരത്തര്‍ക്കം, വിഷയം രാഷ്ട്രപതിയുടെ മുന്നില്‍
തിങ്കള്‍, 18 മെയ് 2015 (17:06 IST)
ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മില്‍ വീണ്ടും അധികാരത്തര്‍ക്കം. ഡല്‍ഹിയിലെ ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ചീഫ് സെക്രട്ടറിയായിരുന്ന കെ കെ ശര്‍മ്മ വ്യക്തിപരമായ ആവശ്യത്തിന് അമേരിക്കന്‍ സന്ദര്‍ശനത്തിന് പോയ സാഹചര്യത്തില്‍ താല്‍ക്കാലിക ചുമതല ശകുന്തള ഗാംലിനെ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് ഏല്‍പ്പിച്ചിരുന്നു.
എന്നാല്‍ ഈ നടപടി തന്നോട് ആലോചിക്കാതെയാണെന്നും ഭരണഘടനാ ലംഘനവുമാണെന്നുമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറയുന്നത്. ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കാനാണ് കെജ്രിവാളിന്റെ നീക്കം. വൈദ്യുതി കമ്പനികള്‍ക്ക് വേണ്ടി ഇടപടലുകള്‍ നടത്തിയ ഉദ്യോഗസ്ഥയാണ് ശകുന്തളയെന്ന് നേരത്തെ കെജ്രിവാള്‍ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നിയമനം ഇദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട അസംതൃപ്തി അറിയിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. അതേസമയം കെജ്രിവാളിന് പിന്തുണയുമായി കോണ്‍ഗ്രസും ഇടതുപക്ഷവും രംഗത്തെത്തിയിരുന്നു. ചീഫ് സെക്രട്ടറിയെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയായിരിക്കണമെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടത്.