കെജ്‌രിവാള്‍ തീഹാര്‍ ജയിലിലേക്ക്

ബുധന്‍, 21 മെയ് 2014 (16:30 IST)
നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസില്‍ ജാമ്യത്തുക കെട്ടി വെയ്ക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.
 
ഇതിനെ തുടര്‍ന്ന് കെജ്‌രിവാളിനെ തീഹാര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് കെജ്‌രിവാള്‍ രാജ്യത്തെ അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇതില്‍ നിതിന്‍ ഗഡ്കരി ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഗഡ്കരി കെജ്‌രിവാളിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
 
കോടതിയില്‍ ഹാജരായ കെജ്‌രിവാളിന് ജാമ്യം ലഭിക്കണമെങ്കില്‍ പതിനായിരം രൂപ ബോണ്ട് കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കെജ്‌രിവാള്‍ തുക കെട്ടി വയ്ക്കാന്‍ തയ്യാറായില്ല. കോടതി പറയുന്ന ദിവസങ്ങളില്‍ ഹാജരാകാം പക്ഷേ ആം ആദ്മി നേതാവായ താന്‍ ഇത്തരത്തില്‍ പണം നല്‍കില്ലെന്ന് കെജ്‌രിവാള്‍ കോടതിയെ അറിയിക്കുകയായിരുന്നു.
 
താങ്കള്‍ നേതാവായിരിക്കാം പക്ഷേ നിയമം എല്ലാവര്‍ക്കും തുല്യമാണെന്നും, നേതാവായ താങ്കള്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത് ഖേദകരമാണെന്നും. ഈ പെരുമാറ്റം ശരിയല്ലെന്നും കോടതി കെജ്‌രിവാളിനോടായി പറഞ്ഞു. 
 
തുടര്‍ന്നാണ് കോടതി കെ‌ജ്‌രിവാളിനെ തീഹാര്‍ ജയിലിലേക്ക് അയക്കാന്‍ ഉത്തരവിട്ടത്. ആദ്യമായിട്ടാണ് ഒരു ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം വഹിച്ചയാള്‍ തീഹാര്‍ ജയിലിലേക്ക് പോകുന്നത്. 
 

വെബ്ദുനിയ വായിക്കുക