ലൈംഗിക ആരോപണം: ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ തിളങ്ങിനിന്ന ഇന്ത്യൻ മുഖമായ കീത്ത്‌ വാസ്‌ രാജിവച്ചു

തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2016 (11:29 IST)
ലൈംഗിക ആരോപണത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍ വംശജനും 1987 മുതൽ ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി എംപിയുമായ കീത്ത്‌ വാസ്‌ രാജിവച്ചു. ബ്രിട്ടീഷ് പൊതുസഭയുടെ ആഭ്യന്തര വകുപ്പ് സെലക്ട് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്നാണ് കീത്ത്‌ വാസ് ഒഴിഞ്ഞത്. ടോണി ബ്ലെയറുടെ വിശ്വസ്തനായാണ് ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ കീത്ത്‌ ഉദിച്ചുയർന്നത്. തുടർച്ചയായി 29 വർഷം എംപിയായിരിക്കുന്ന കീത്തിനു വിവാദങ്ങൾ പുത്തരിയല്ലെങ്കിലും ഇത്തവണത്തെ ആരോപണങ്ങളെ അതിജീവിക്കുക അത്ര എളുപ്പമായിരിക്കില്ല.
 
കീത്ത്‌ വാസ് പുരുഷ ലൈംഗിക തൊഴിലാളികൾക്ക് പണം നൽകിയെന്ന വാർത്ത സൺഡെ മിററർ പത്രമാണ് പുറത്തുവിട്ടത്. രണ്ടു പോളിഷ്‌ യുവാക്കളുമായിട്ടാണ്‌ കീത്ത്‌ വാസ്‌ അവിഹിതബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോയും രാജ്യാന്തര മാധ്യമം പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ ഇവരുമായി പോപ്പോഴ്സ് എന്ന മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ച് കീത്ത് വാസ് സംസാരിച്ചെന്നും ക്ലാസ് എ വിഭാഗം മയക്കുമരുന്നിന് വേണ്ടി പണം വാഗ്ദാനം ചെയ്തെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം വ്യക്തിപരമായ ആക്ഷേപമാണ് പത്രം നടത്തിയിട്ടുള്ളതെന്ന് കീത്ത് വാസ് വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക