കര്‍ണ്ണനെ കണ്ടവരുണ്ടോ ?; പൊലീസ് നാടാകെ പരക്കം പായുന്നു - പിടികൊടുക്കാതെ ഹൈക്കോടതി ജഡ്ജി

വ്യാഴം, 11 മെയ് 2017 (10:36 IST)
സുപ്രീംകോടതി ആറുമാസം തടവിനു ശിക്ഷിച്ച കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സിഎസ് കർണന്‍ പൊലീസിനെ വെട്ടിച്ച് കടന്നുവെന്ന് വ്യക്തമാകുന്നു. ചെന്നൈയില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്ക് കടന്ന കര്‍ണ്ണന്‍ അവിടെ നിന്നും ‍അപ്രത്യക്ഷമായി.

ആന്ധ്രാപ്രദേശിലെ തിരുപ്പതിക്കു സമീപം കാളഹസ്തി ക്ഷേത്രത്തിലേക്കു കര്‍ണ്ണന്‍ പോയെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിന് അദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചില്ല.

ചെന്നൈ ചെപ്പോക്കില്‍ നിന്ന് കര്‍ണ്ണന്‍ ആന്ധ്രാപ്രദേശിലേക്ക് പോകുമ്പോള്‍ കൂടെ രണ്ട് അഭിഭാഷകരും ഒപ്പമുണ്ടായിരുന്നുവെന്നാണു വിവരം. സർക്കാർ ഡ്രൈവറാണ് വാഹനം ഓടിക്കുന്നതെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനാല്‍ ഇയാളെ ബന്ധപ്പെടാനുള്ള ശ്രമവും നടത്തുന്നുണ്ട്.

തമിഴ്നാട് സൈബർ പൊലീസിന്റെ സഹായത്തോടെ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചെങ്കിലും കര്‍ണ്ണനെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന പാതകളില്‍ പൊലീസ് വാഹനപരിശോധന ശക്തമാക്കി. തിരച്ചിലിന് ആന്ധ്രാ പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക