അവരുടെ വിവാഹത്തിന് പോലും അമ്മ പോയിട്ടില്ല; ദീപയുടെ വാദം അണ്ണാ ഡിഎംകെയില്‍ കത്തുന്നു
ഞായര്‍, 11 ഡിസംബര്‍ 2016 (14:11 IST)
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ പിൻഗാമിയാകാന്‍ ഒരുക്കമാണെന്ന് ജയയുടെ സഹോദരപുത്രി ദീപ ജയകുമാർ. പാർട്ടി നേതൃത്വം ഏറ്റെടുക്കാനുള്ള ശശികലയുടെ ശ്രമം ജനാധിപത്യ വിരുദ്ധമാണ്. ഈ നീക്കം ജനങ്ങൾ പ്രോത്സാഹിപ്പിക്കില്ല.
പാർട്ടിയെ ആരു നയിക്കണമെന്നത് ജനങ്ങളുടെ തീരുമാനത്തിന് വിടുന്നതാണ് നല്ലത്. ജനാഭിപ്രായമറിഞ്ഞ് അതിനെ വിലയിരുത്തി വേണം പാർട്ടി നേതൃത്വം ഭാവി നടപടികൾ കൈക്കൊള്ളാൻ. ജനാഭിപ്രായം വിലയിരുത്തി വേണം അണ്ണാ ഡിഎംകെ നേതൃത്വം ഭാവി നടപടികൾ സ്വീകരിക്കേണ്ടത്. ജീവിച്ചിരുന്ന കാലത്ത് ജയലളിതയ്‌ക്ക് താൽപര്യമില്ലാത്ത ഒരുപാട് കാര്യങ്ങൾ ചെയ്ത വ്യക്തിയാണ് ശശികല. ഇത് ജയക്ക് വലിയ പേരുദോഷം ഉണ്ടാക്കിയെന്നും ദീപ ഒരു പ്രമുഖ ദേശീയ മാധ്യമത്തോട് പറഞ്ഞു.
അതേസമയം, അണ്ണാ ഡിഎംകെ നേതൃത്വം ദീപയുടെ നിലപാട് തള്ളിക്കളഞ്ഞു. ദീപയുടെ വിവാഹത്തിനുപോലും ജയലളിത പോയിട്ടില്ലെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. നേരത്തേ പോയസ് ഗാര്‍ഡനിലും പിന്നീട് അപ്പോളോ ആശുപത്രിയിലും ജയലളിതയെ കാണാന്‍ പലതവണ ദീപ എത്തിയിരുന്നെങ്കിലും അവര്‍ക്ക് അനുമതി നിഷേധിക്കപ്പെടുകയായിരുന്നു.