ഝാര്‍ഖണ്ഡില്‍ ദുര്‍ഗാക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചു

തിങ്കള്‍, 10 ഓഗസ്റ്റ് 2015 (08:17 IST)
ഝാര്‍ഖണ്ഡില്‍ ദുര്‍ഗാക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചു. അപകടത്തില്‍ 50 പേര്‍ക്ക്‌ പരുക്ക്‌ പറ്റി. ദേവഗഢ്‌ ദുര്‍ഗാക്ഷേത്രത്തില്‍ പുലര്‍ച്ചെ അഞ്ച്‌ മണിയോടെയാണ്‌ സംഭവമുണ്ടായത്‌.

ദുര്‍ഗാക്ഷേത്രത്തിലും സമീപത്തുള്ള ശിവക്ഷേത്രത്തിലുമാണ്‌ അപകടമുണ്ടായത്‌. ഗംഗാ ജലം ഉപയോഗിച്ച്‌ ശിവലിംഗത്തില്‍ ആരാധന നടത്തുന്നതിന്‌ എത്തിയവരാണ്‌ അപകടത്തില്‍ പെട്ടത്‌. ശിവക്ഷേത്രത്തിലേക്ക്‌ വരിയായി പോകാതെ ആരാധകര്‍ ഓടി എത്തിയതാണ്‌ അപകടത്തിന്‌ കാരണമായതെന്ന്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. ചടങ്ങിനായി ലക്ഷങ്ങള്‍ തടിച്ചു കൂടിയിരുന്നു.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. പരുക്ക്‌ പറ്റിയവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുരന്തത്തെ തുടര്‍ന്ന് ക്ഷേത്രം താല്‍കാലികമായി അടച്ചു. വര്‍ഷത്തിലൊരിക്കല്‍ ഗംഗാ ജലം ഉപയോഗിച്ച് ശിവലിംഗത്തില്‍ പൂജ നടത്തുന്ന സാവന്‍ സോംവാര്‍ ആഘോഷത്തിനിടെയായിരുന്നു അപകടം. പ്രത്യേക പൂജയില്‍ പങ്കെടുക്കാന്‍ പതിനായിരക്കണക്കിന് ഭക്തര്‍ ഞായറാഴ്ച തന്നെ ക്ഷേത്രത്തിന് പുറത്ത് തമ്പടിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക