ഇന്ത്യക്കാരന്‍ ഇനി ബഹിരാകാശത്തെത്തും, ചരിത്രത്തിലേക്ക് കുതിക്കാന്‍ ഐഎസ്ആര്‍ഒ

വ്യാഴം, 16 ഒക്‌ടോബര്‍ 2014 (14:39 IST)
രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ ചൊവ്വാ ദൌത്യമായ മംഗള്‍‌യാന്റെ വിജയക്കുതിപ്പിനും, സ്വന്തമായ ഗതിനിര്‍ണ്ണയ സംവിധാന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനും പിന്നാലെ ചരിത്രത്തില്‍ ഐ‌എസ്‌ആര്‍‌ഒ സുവര്‍ണ്ണ മുദ്ര പതിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യാക്കാരനെ ഇന്ത്യയില്‍ നിന്ന് ഇന്ത്യന്‍ പേടകമുപയോഗിച്ച് ബഹിരാകാശത്തെത്തിക്കാനാണ് ഇന്ത്യയുടെ അഭിമാന ബഹിരാകാശ ഗവേഷണ സംഘടന ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനാണ് ഐ‌എസ്‌ആര്‍‌ഒ പ്രയത്നിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണം വ്യോമസേനയുമായി സഹകരിച്ചു നവംബറില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനുള്ള പേടകത്തിന്‍റെ പരീക്ഷണമാണ് ഐഎസ്ആര്‍ഒ ആദ്യം നടത്തുക.

മൂന്നര ടണ്‍ ഭാരമുള്ള പരീക്ഷണ പേടകമാണ് ഈ സമയത്ത് പരീക്ഷിക്കുക. പേടകം മൂന്നര കിലോമീറ്റര്‍ ഉയരത്ത് നിന്ന് പാരച്യൂട്ട് വഴി കടലില്‍ ഇറക്കാനാണ് പദ്ധതി. ഇത് വിജയിച്ചാല്‍ കൂടുതല്‍ ഉയരങ്ങളില്‍ നിന്നുള്ള പരീക്ഷണത്തിലേക്ക് കടക്കും. അതും വിജയം കണ്ടാല്‍ യഥാര്‍ത്ഥ പേടകത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ഐഎസ്ആര്‍ഒയുടെ തീരുമാനം.

ബഹിരാകാശത്ത് നിന്ന് തിരിച്ചിറക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ പഠിക്കുകയാണ് അടുത്ത ഘട്ടം. എന്നാല്‍ നിലവില്‍ ബഹിരാകാശത്തു നിന്ന് പേടകങ്ങള്‍ ഭൂമിയിലേക്ക് തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യയില്‍ ഇന്ത്യ സ്വയം‌പര്യാപതത നേടിയിട്ടുണ്ട്. പേടകത്തിന്റെ പരീക്ഷണത്തൊടൊപ്പം ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് കൂടി പരീക്ഷിക്കും.

ഇതിനായുള്ള പരീക്ഷണ ഘട്ടങ്ങള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചു കഴിഞ്ഞതായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്‌ണന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡ്, വാലെത്ത് ഹൈടെക്ക് കമ്പോസൈറ്റ്‌സ്, സിഡ്‌കോ, ഷുവര്‍ സേഫ്റ്റി ഇന്ത്യ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ ഈ ദൗത്യത്തില്‍ ഐ എസ് ആര്‍ ഒ യോടൊപ്പം പങ്കാളികളാകും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക