അതിര്‍ത്തിയില്‍ സംഘര്‍ഷം നില്‍ക്കുന്നതിനിടെ ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആശയ വിനിമയം നിലച്ചതായി റിപ്പോര്‍ട്ട്. ജനവരി ഒന്നിനാണ് ഇരുരാജ്യങ്ങളിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍തമ്മില്‍ അവസാനമായി സംഭാഷണം നടന്നത്. അതിനു ശേഷം ഇതുവറ്റ്രെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണങ്ങളുമില്ല്. അഞ്ചു ദിവസമായി കാര്യങ്ങള്‍ ഈ സ്ഥിതിയിലാണെന്നാണ് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡി കെ പഥക് പറയുന്നത്.
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് ഫ്ലാഗ് മീറ്റിങ് നടത്തുന്നതുമായി ബന്ധപ്പെട്ടാണ് നോഡല്‍ ഓഫീസര്‍മാര്‍ ചര്‍ച്ചനടത്തിയത്. സംഭാഷണം അഞ്ച് മിനിറ്റോളം നീണ്ടു. ഇതിനുശേഷം ആശയവിനിമയം ഉണ്ടായിട്ടില്ല. ജനവരി മൂന്നിന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെതിരെ ഇന്ത്യ പ്രതിഷേധക്കുറിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പാക് സൈനിക ഉദ്യോഗസ്ഥര്‍ ഇത് സ്വീകരിച്ചില്ല. ഇതേത്തുടര്‍ന്ന് വാഗാ അതിര്‍ത്തിവഴി കുറിപ്പ് കൈമാറി. എന്നാല്‍ ഇപ്പോള്‍ വാഗയിലൂടെയും ഇത് കൈപ്പറ്റാന്‍ അവര്‍ തയ്യാറാകുന്നില്ലെന്ന് പഥക് പറഞ്ഞു.