പാകിസ്ഥാന്‍ ഇന്ത്യയെ ഭയപ്പെടാന്‍ ചില കാരണങ്ങളുണ്ട്; സമ്മര്‍ദ്ദത്തിന്റെയും ഞെട്ടലിന്റെയും നടുവില്‍ നവാസ് ഷെരീഫ്

വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (16:30 IST)
ഹിസ്‌ബുള്‍ കമാന്‍ഡര്‍ ബുർഹാൻ വാനിയുടെ വധത്തിനു പിന്നാലെ കശ്‌മീരിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങളില്‍ രാജ്യാന്തര സമൂഹത്തിനു മുന്നിൽ സമ്മര്‍ദ്ദത്തിലായ ഇന്ത്യ ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണയും ശ്രദ്ധയും നേടാനുള്ള ശ്രമത്തിലാണ്.

ഉറിയിലെ സൈനിക കേന്ദ്രത്തിലെ ഭീകരാക്രമണം പാക് പിന്തുണയോടെയുള്ളതാണെന്ന് ഇന്ത്യ യുഎന്‍ പൊതുസഭയില്‍ വ്യക്തമാക്കുകയും ചെയ്‌തു. കശ്‌മീരില്‍ ഇടപെടില്ലെന്ന് യുഎന്‍ വ്യക്തമാക്കിയതോടെ പാകിസ്ഥാന്‍ സമ്മര്‍ദ്ദത്തിലുമായി. അതിനിടെ റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ പാകിസ്ഥാനെതിരെ രംഗത്തു വന്നതും ഇന്ത്യക്ക് ഗുണകരമായി.

ഉറയിലെ ഭീകരാക്രമണം പാകിസ്ഥാനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. കശ്‌മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആവശ്യം രാജ്യാന്തര സമൂഹം തള്ളിയതും അവര്‍ക്ക് തിരിച്ചടിയായി.

ഉറയിലെ ഭീകരാക്രമണം രാജ്യാന്തര സമൂഹത്തിന് മുന്നില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് വ്യക്തമായി. ഇതോടെ പാക്  പിന്തുണയോടെയുള്ള ഭീകരവാദം എന്ന ഇന്ത്യയുടെ എക്കാലത്തേയും വലിയ ആരോപണം ലോകരാജ്യങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.

ഈ ആക്രമണത്തിലൂടെ പാക് ഭീകരന്മാര്‍ക്ക് വിജയം കണ്ടെത്താന്‍ സാധിച്ചെങ്കിലും പാക് സര്‍ക്കാരിനെ ഈ സംഭവം വെട്ടിലാക്കി. ലോക രാജ്യങ്ങളുടെ എതിര്‍പ്പും പ്രതിഷേധവും ഏറ്റുവാങ്ങുകയാണ് പാകിസ്ഥാന്‍.

ഉറി ആക്രമണത്തിന് എന്ത് തിരിച്ചടി നൽകണമെന്ന് ഇന്ത്യയും, ഇന്ത്യ ആക്രമിക്കുന്ന പക്ഷം തക്ക തിരിച്ചടി നൽകാൻ തയാറെടുത്ത് പാക് സൈന്യവും വ്യക്തമാക്കുമ്പോള്‍ ഭീകരര്‍ക്കാണ് കൂടുതല്‍ നേട്ടമുണ്ടാകുക. ഈ സാഹചര്യം മുതലെടുത്ത് ഇന്ത്യയിലേക്ക് കടന്ന് ആക്രമണം നടത്താന്‍ അവര്‍ക്ക് സാധിക്കും.

അതേസമയം, പാകിസ്ഥന്‍ സമ്മര്‍ദ്ദത്തിന്റെയും ഭയത്തിന്റെയും നടുവിലാണ്. ഇന്ത്യയുടെ ഭാഗത്തു നിന്നും ആക്രമണം ഉണ്ടായാല്‍ നേരിടാനുള്ള കോപ്പ് കൂട്ടുകയാണ് അവര്‍. സൈനിക വിമാനങ്ങൾ പരീക്ഷണപ്പറക്കലുകൾ നടത്തുകയും ചെയ്‌തു.  ദേശീയ പാതയിൽ ഗതാഗതം റദ്ദാക്കി പാക് വ്യോമസേനയുടെ പോർവിമാനങ്ങൾ റോഡിൽ ഇറക്കി പരീക്ഷണ ലാൻഡിംഗ് നടത്തിയെന്നുമാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഇന്ത്യ തിരിച്ചടിക്കുമെന്ന് സൂചന ലഭിച്ച പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ മാത്രമല്ല ഒരുക്കങ്ങള്‍ നടത്തിയത്. ഇന്ധനം കരുതിവയ്‌ക്കുന്നതിന്റെ ഭാഗമായി പ്രാദേശിക വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. കൂടാതെ വ്യോമസേന വിമാനങ്ങള്‍ കൂടുതല്‍ പരീക്ഷണ പറക്കല്‍ നടത്തുകയും ചെയ്‌തു.

ക്രോസ് ബോർഡർ മിലിട്ടറി ഫോഴ്സിനെ ഉപയോഗിച്ച് ഇന്ത്യ തിരിച്ചടി നല്‍കുമോയെന്ന് ആശങ്കയുള്ളതിനാൽ പാക് സൈന്യം അതീവജാഗ്രതയിലാണെന്ന് പാക് സുരക്ഷാ ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചു. ഇന്ത്യ ആക്രമിക്കുന്ന ഭയം പിടികൂടിയ പാകിസ്ഥാന്‍ സൈനിക തയാറെടുപ്പുകള്‍ നടത്തിയതോടെ അവരുടെ ഓഹരി വിപണി ഇടിയാന്‍ കാരണമായി.

വെബ്ദുനിയ വായിക്കുക