ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ തയാറായി നില്‍ക്കുന്ന ഭീകരര്‍ എത്രയെന്ന് അറിയാമോ ?; ഇവര്‍ ഇപ്പോള്‍ എവിടെ ?

ശനി, 24 സെപ്‌റ്റംബര്‍ 2016 (13:50 IST)
ഉറിയിലെ കരസേനാ കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തില്‍ അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകള്‍ ദൂരേയ്‌ക്ക് മാറ്റിയെന്ന് റിപ്പോർട്ട്. പാകിസ്ഥാന്‍ സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും നിര്‍ദേശമനുസരിച്ചാണ് ക്യാമ്പുകള്‍ മാറ്റി സ്ഥാപിച്ചത്.

പാക് അധീന കശ്‌മീരിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യ ആക്രമിച്ചേക്കുമെന്ന ഭയത്തില്‍ 15 ഭീകര ക്യാമ്പുകളാണ് മാറ്റി സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ തയാറായി ഈ ക്യാമ്പുകളില്‍ ഇരുനൂറോളം ഭീകരര്‍ ഉണ്ട്. ഇവരെയാണ് പാക് സൈന്യം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതിനിടെ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തില്‍ പാകിസ്ഥാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങി. അതിർത്തിയിൽ സൈനിക വിന്യാസം വർദ്ധിപ്പിക്കലാണ്  ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി അവധിക്ക് അപേക്ഷിച്ചിരുന്ന അതിർത്തി സംരക്ഷണ സേനാംഗങ്ങളോട് ഡ്യൂട്ടിക്ക് കയറാൻ നിർദേശം നൽകി.

അതിർത്തി സംരക്ഷണ സേനാംഗങ്ങളെ തിരിച്ചു വിളിച്ചതിന് പിന്നാലെ അവധി നല്‍കുന്നതും താല്‍ക്കാലികമായി തടഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ബിഎസ്എഫിന്റെ സാന്നിധ്യം ശക്തമായതോടെയാണ് പാക് സര്‍ക്കാര്‍ ഭയത്തിലായത്.

അതിർത്തിയിലെ നീക്കങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ക്രോസ് ബോർഡർ മിലിട്ടറി ഫോഴ്സിനെ ഉപയോഗിച്ച് ഇന്ത്യ തിരിച്ചടി നല്‍കുമോയെന്ന് ആശങ്കയുള്ളതിനാൽ പാക് സൈന്യം അതീവജാഗ്രതയിലാണെന്ന് പാക് സുരക്ഷാ ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചു. പാകിസ്ഥാന്‍ നടത്തുന്ന സൈനിക വിന്യാസവും അനുബന്ധമായ കാര്യങ്ങളും ഇന്ത്യന്‍ അധികൃതര്‍ പഠിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക