പാകിസ്ഥാന്‍ ഭയത്തില്‍ തന്നെ; സേനാംഗങ്ങളുടെ അവധി റദ്ദാക്കി, അതിര്‍ത്തി യുദ്ധസമാനം!

ശനി, 24 സെപ്‌റ്റംബര്‍ 2016 (13:23 IST)
ഉറിയിലെ കരസേനാ കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തില്‍ പാകിസ്ഥാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നു. അതിർത്തിയിൽ സൈനിക വിന്യാസം വർദ്ധിപ്പിക്കാനാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി അവധിക്ക് അപേക്ഷിച്ചിരുന്ന അതിർത്തി സംരക്ഷണ സേനാംഗങ്ങളോട് ഡ്യൂട്ടിക്ക് കയറാൻ നിർദേശം നൽകി.

അതിർത്തി സംരക്ഷണ സേനാംഗങ്ങളെ തിരിച്ചു വിളിച്ചതിന് പിന്നാലെ അവധി നല്‍കുന്നതും താല്‍ക്കാലികമായി തടഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ബിഎസ്എഫിന്റെ സാന്നിധ്യം ശക്തമായതോടെയാണ് പാക് സര്‍ക്കാര്‍ ഭയത്തിലായത്.

അതിർത്തിയിലെ നീക്കങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ക്രോസ് ബോർഡർ മിലിട്ടറി ഫോഴ്സിനെ ഉപയോഗിച്ച് ഇന്ത്യ തിരിച്ചടി നല്‍കുമോയെന്ന് ആശങ്കയുള്ളതിനാൽ പാക് സൈന്യം അതീവജാഗ്രതയിലാണെന്ന് പാക് സുരക്ഷാ ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചു. പാകിസ്ഥാന്‍ നടത്തുന്ന സൈനിക വിന്യാസവും അനുബന്ധമായ കാര്യങ്ങളും ഇന്ത്യന്‍ അധികൃതര്‍ പഠിക്കുന്നുണ്ട്.

പാകിസ്ഥാന്‍ സൈനിക വിമാനങ്ങൾ പരീക്ഷണപ്പറക്കലുകൾ നടത്തിയതായി റിപ്പോർട്ടുണ്ട്. ദേശീയ പാതയിൽ ഗതാഗതം റദ്ദാക്കി പാക് വ്യോമസേനയുടെ പോർവിമാനങ്ങൾ റോഡിൽ ഇറക്കി പരീക്ഷണ ലാൻഡിംഗ് നടത്തിയെന്നുമാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

അതിര്‍ത്തിയില്‍ മാത്രമല്ല പാകിസ്ഥാന്‍ ഒരുക്കങ്ങള്‍ നടത്തിയത്. ഇന്ധനം കരുതിവയ്‌ക്കുന്നതിന്റെ ഭാഗമായി പ്രാദേശിക വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. കൂടാതെ വ്യോമസേന വിമാനങ്ങള്‍ കൂടുതല്‍ പരീക്ഷണ പറക്കല്‍ നടത്തുകയും ചെയ്‌തു.

വെബ്ദുനിയ വായിക്കുക