ഹരിയാനയിലെ ബിജെപി - ഹരിയാണ ജന്‍ഹിത് കോണ്‍ഗ്രസ് (എച്ച്‌ജെസി) ബന്ധം പിളര്‍ന്നു. സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് ബിജെപി സഖ്യം തകര്‍ന്നത്. അടുത്ത മാസമാണ് ഹരിയാന നിയമ സഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.
സഖ്യം പൊളിഞ്ഞതായി പ്രഖ്യാപിച്ച് ഒക്ടോബറില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എച്ച്‌ജെസി പ്രസിഡന്റ് കുല്‍ദീപ് ബിഷ്‌ണോയി പറഞ്ഞു. എച്ച്‌ജെസി യുടെ പിന്തുണയോടെയാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് ഏഴു സീറ്റുകളില്‍ വിജയിച്ചത്.
ഈ ധാരണപ്രകാരം നിയമസഭ തിരഞ്ഞെടുപ്പില്‍ എച്ച്‌ജെസി യെ പിന്തുണയ്ക്കാമെന്നും കുല്‍ദീപിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാമെന്നും അന്ന് ബിജെപി ഉറപ്പ് നല്‍കിയിരുന്നു. പ്രമുഖ ജാട്ട് ഇതര നേതാവും രണ്ടുതവണ മുഖ്യമന്ത്രിയുമായിരുന്ന ഭജന്‍ലാലിന്റെ മകനാണ് കുല്‍ദീപ് ബിഷ്‌ണോയി.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പിന്തുണയ്ക്കാമെന്ന വാഗ്ദാനത്തില്‍ നിന്ന് ബിജെപി ഹരിയാന ഘടകം പിന്തിരിയുകയായിരുന്നു. ബിജെപി പിന്മാറിയതില്‍ പ്രതിഷേധിച്ചാണ് ഹരിയാണ ജന്‍ഹിത് കോണ്‍ഗ്രസ്, സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്.