ജിഎസ്ടി നികുതി നിരക്കിൽ ധാരണ; 1211 ഉല്‍പന്നങ്ങളുടെ നികുതി നിശ്ചയിച്ചു, ഭക്ഷ്യവസ്തുക്കൾക്ക് വില കുറയുമെന്ന് മന്ത്രി

വെള്ളി, 19 മെയ് 2017 (07:39 IST)
ജി എസ് ടി നികുതി ഘടന നിശ്ചയിച്ചു. കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാര്‍ അടങ്ങുന്ന സമിതിയാണ് പുതിയ നികുതിഘടന നിശ്ചയിച്ചത്. രാജ്യത്ത് ജിഎസ്ടി നടപ്പാകുന്നതിലൂടെ മിക്കവാറും ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കുകയാണ് ചെയ്തതെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ജെയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്.
 
ജൂലൈ ഒന്നിന് ജി.എസ്.ടി നിലവില്‍ വരും. 1211 ഉൽപന്നങ്ങളുടെ നികുതിയാണ് അന്തിമമായി നിശ്ചയിച്ചത്. ഭൂരിപക്ഷവും 18 ശതമാനം നികുതിയിൽ വരുന്നവയാണ്. സ്വർണം, ബീഡി, ചെറുകാറുകൾ, പാക്കറ്റിലുള്ള ഭക്ഷണം എന്നിവയുൾപ്പെടെയുള്ള ആറ് ഉൽപ്പന്നങ്ങളുടെ നികുതി നിശ്ചയിച്ചിട്ടില്ല. അത്തരം വസ്തുക്കളുടെ നികുതി നിര്‍ണ്ണയിക്കുന്നതിനായി ഈ സമിതി വെള്ളിയാഴ്ച യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
പുതിയ ഘടന അനുസരിച്ച് 5-28 ശതമാനം വരെയാണ് നികുതി നിരക്ക്. 12, 18 ശതമാനമായിരിക്കും അടിസ്ഥാന നിരക്ക്. കല്‍ക്കരിക്ക് 5 ശതമാനം നികുതിയും ടണ്ണിന് 400 രൂപ വീതം ലെവിയും ആകും. കാപ്പി, ഭക്ഷ്യ എണ്ണ തുടങ്ങിയവയ്ക്ക് 5 ശതമാനം നിരക്കിലായിരിക്കും നികുതിയെന്ന് റവന്യു സെക്രട്ടറി ഹസ്മുഖ് ആദിയ വ്യക്തമാക്കി. പാല്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ക്ക് നികുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക