ഭൂകമ്പത്തിനു പിന്നാലെ നേപ്പാള്‍ കടുത്ത പട്ടിണിയിലേക്ക്, പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു
തിങ്കള്‍, 27 ഏപ്രില്‍ 2015 (14:33 IST)
പ്രകൃതിയുടെ വികൃതിയില്‍ ദുരിതക്കയത്തിലായ നേപ്പാള്‍ കടുത്ത ഭക്ഷ്യ ദൌര്‍ലഭ്യത്തിലേക്കും പകര്‍ച്ചവ്യാധികളുടെ പിടിയിലേക്കും അതിവേഗം നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പബാധിത പ്രദേശങ്ങളത്രയും കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലായിരിക്കുകയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഭക്ഷ്യ വസ്തുക്കള്‍ നേപ്പാളില്‍ എത്തിക്കുന്നുണ്ടെങ്കിലും ഇത് എല്ലായിടത്തേക്കും എത്തുന്നില്ലെന്നാണ് വിവരം.
നേപ്പാളില്‍ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ ദുരിതത്തില്‍ കഴിയുന്നത് പത്ത് ലക്ഷത്തിലേറെ കുട്ടികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂരിഭാഗം കടകളും തകരുകയും ഭൂകമ്പത്തെ അതിജീവിച്ചവ തുറക്കാത്തതുമാണ് ഭക്ഷ്യക്ഷാമം രൂക്ഷമാകാന്‍ ഇടയായത്. തുറന്ന കടകളാവട്ടെ ഇതിനോടകം തന്നെ കാലിയായിക്കഴിഞ്ഞു. കുടിവെള്ളവുമായി വരുന്ന ടാങ്കറുകള്‍ക്ക് മുന്നില്‍ ആവശ്യക്കാരുടെ നീണ്ടനിരയാണുള്ളത്.
അതിനിടെ ശുദ്ധ ജലത്തിന്റെ അഭാവം മൂലം മലിന ജലത്തിന്റെ ഉപയോഗവും കൂടിയുട്ടുണ്ട്. ഇത് കുട്ടികള്‍ക്കിടയില്‍ ജലജന്യ രോഗങ്ങളും പകര്‍ച്ചവ്യാധിയും പടര്‍ത്തുമെന്നാണ് യുനിസെഫിന്റെ റിപ്പോര്‍ട്ട്. വൃത്തിഹീനമായ തെരുവുകളില്‍, വേണ്ടത്ര ഭക്ഷണമില്ലാതെ അന്തിയുറങ്ങുന്ന കുട്ടികള്‍ മാരകമായ പകര്‍ച്ചവ്യാധികളുടെ ഭീഷണിയിലാണെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.